'നിങ്ങള്‍ പുറത്തിറങ്ങേണ്ട, എന്തിനും ഞങ്ങളുണ്ട്'; കൊവിഡ് കാലത്ത് മാതൃകയായി മാഹിയിലെ ചെറുപ്പക്കാര്‍

By Jithi RajFirst Published Mar 22, 2020, 9:36 PM IST
Highlights

വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടത്തേണ്ട എല്ലാ സഹായങ്ങള്‍ക്കും ആളുകള്‍ക്ക് ഇവരുമായി ഫോണില്‍ ബന്ധപ്പെടാം. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളുമായാണ് ഇവര്‍ ഇറങ്ങുക.

മാഹി: പ്രളയകാലത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനുംം ഈ കൊറോണ കാലത്ത് സുരക്ഷിതാരായി വീട്ടിനുള്ളില്‍ കഴിച്ചുകൂട്ടാനും മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ മലയാളികള്‍ തന്നെ മുന്നിലുണ്ട്. മാഹിയിലെ ഒളവിലത്ത് ആളുകള്‍ പുറത്തിറങ്ങി കൂട്ടം കൂടാതിരിക്കാനും അതുവഴി കൊവിഡ് ബാധയുണ്ടാകാതിരിക്കാനും ഒരു പറ്റം യുവാക്കളാണ് സജ്ജരായിരിക്കുന്നത്. 

വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുമ്‌പോഴും അടിയന്തിര ഘട്ടത്തില്‍ പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടാകാം. അത് ചിലപ്പോള്‍ അന്നത്തേക്കുള്ള അരിയോ പച്ചക്കറിയോ തീര്‍ന്നിട്ട് പലചരക്ക് കടയില്‍ പോകാനാകാം. അല്ലെങ്കില്‍ മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ പോകാനുമാകാം. ഇതൊന്നുമല്ലെങ്കിലും എന്തെങ്കിലും ആവശ്യം ഉണ്ടാകാം. ഇങ്ങനെ എന്ത് തരം ആവശ്യമായാലും സഹായിക്കാന്‍ തയ്യാറായിരിക്കുകയാണ് ടീം ഒളവിലം വാട്‌സ്ആപ്പ് കൂട്ടായ്മ. 

''ആളുകളോട് എത്ര പുറത്തിറങ്ങരുതെന്ന് പറഞ്ഞാലും അവര്‍ പുറത്തിറങ്ങും. കുട്ടികളോ പ്രായമായവരോ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങും. ഇതുവഴി കൊറോണ വൈറസ് പടരുന്ന സാധ്യത ഉണ്ടാകാം. ഇത് ഒഴിവാക്കാന്‍ ഞങ്ങള്‍ 20 പേര്‍ അടങ്ങുന്ന യുവാക്കള്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കും.'' - കൂട്ടായ്മയുടെ സംഘാടകരിലൊരാളായ നജീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

നജീര്‍, അബ്ബാസ് സികെ, ഷാഫി, മാസിന്‍, ഹഷിര്‍ എന്നീ അഞ്ച് പേരാണ് ഇത് നിയന്ത്രിക്കുന്നത്. ഇവര്‍ക്കൊപ്പം ഒളവിലത്തെ ഒരുപറ്റം യുവാക്കളുമുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടത്തേണ്ട എല്ലാ സഹായങ്ങള്‍ക്കും ആളുകള്‍ക്ക് ഇവരുമായി ഫോണില്‍ ബന്ധപ്പെടാം. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളുമായാണ് ഇവര്‍ ഇറങ്ങുക.

ഗള്‍ഫില്‍ നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിയുന്ന കുറച്ച് പേരുണ്ട് ഒളവിലത്ത്. ദൂരെ, വീടിന് പുറത്തുനിന്ന് അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുമെന്നും വേണ്ടത് ചെയ്യുന്നുണ്ടെന്നും നജീര്‍ പറയുന്നു. 

അതേസമയം വീട്ടിലിരിക്കേണ്ടി വന്നതിനാല്‍ വരുമാനം നഷ്ടമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പണം കണ്ടെത്തുന്നത് ഇതേ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ നിന്നാണ്. ഒളവിലത്തുള്ള പ്രവാസികളായ ചെറുപ്പക്കാരും ഉള്‍പ്പെട്ടതാണ് ഈ കൂട്ടായ്മ. അതുകൊണ്ടുതന്നെ സാമ്പത്തിക സഹായങ്ങള്‍ും് അവര്‍ ഒപ്പമുണ്ട്. 

പ്രളയകാലത്തും സമാനമായ സഹായങ്ങള്‍ ഇവര്‍ ചെയ്തിരുന്നു. ഭക്ഷണം എത്തിക്കുന്നതിനും വീടുകള്‍ വൃത്തിയാക്കുന്നതിനും മറ്റ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഈ യുവാക്കളും അവരുടെ ടീം ഒളവിലവും സജ്ജമായിരുന്നു, ഇനിയും അത് തുടരുമെന്നും അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു...

click me!