കൊവിഡ് 19: ചോമ്പാൽ തുറമുഖത്തെ എല്ലാ പ്രവർത്തനവും മാർച്ച് 31 വരെ നിർത്തിവയ്ക്കും

By Web TeamFirst Published Mar 22, 2020, 8:43 PM IST
Highlights

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോമ്പാൽ മൽസ്യബന്ധന തുറമുഖ തൊഴിലാളികളും ജീവനക്കാരും ഈ മാസം 31 വരെ എല്ലാ പ്രവർത്തനവും നിർത്തിവയ്ക്കും. പ്രതിദിനം 2000 തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്ന സ്ഥലമാണിത്.  

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോമ്പാൽ മൽസ്യബന്ധന തുറമുഖ തൊഴിലാളികളും ജീവനക്കാരും ഈ മാസം 31 വരെ എല്ലാ പ്രവർത്തനവും നിർത്തിവയ്ക്കും. പ്രതിദിനം 2000 തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്ന സ്ഥലമാണിത്.    

വിവിധ പ്രദേശങ്ങളിൽ നിന്ന് മത്സ്യം വാങ്ങുന്നതിനുൾപ്പെടെ വിവിധ അനുബന്ധ പ്രവർത്തനങ്ങൾക്കായി ഏകദേശം 4000 ആളുകൾ പ്രതിദിനം വന്ന് പോകുന്ന തുറമുഖത്തെ തിരക്ക് നിയന്ത്രിക്കുവാൻ പഞ്ചായത്തും പൊലീസും ഹാർബർ എഞ്ചിനിയറിം​ഗ്  വകുപ്പുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. തുടർന്ന്  ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ ഉൾപ്പെട്ട ഔദ്യോഗിക സംവിധാനമായ കടൽകോടതി യോഗം അടിയന്തിരമായി ഹാർബറിൽ വിളിച്ചു ചേർത്തു.   

സാമൂഹിക വ്യാപനം തടയുക എന്ന പൗരധർമ്മത്തിൽ പങ്കാളികളാകാൻ സർക്കാർ നിർദ്ദേശ പ്രകാരം 10ൽ കുടുതൽ ആളുകൾ  കൂടി നിൽക്കാൻ  ഇടവരാതിരിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.  ഇത് സംബന്ധിച്ച് മൈക്ക് അനൗൺസ്മെൻ്റ് നടത്തുവാനും നിലവിൽ കടലിൽ പോയിട്ടുള്ളവർ അവരുടെ മൽസ്യം മറ്റ് തുറമുഖത്ത് വിൽപ്പന നടത്തി മാത്രമേ ചോമ്പാല ഹാർബറിലേക്ക് വരാൻ പാടുള്ളു എന്ന് നിർദ്ദേശിക്കാനും തീരുമാനിച്ചു.  മുഴുവൻ തൊഴിലാളികളും തീരുമാനത്തോട് സഹകരിക്കണമെന്ന് കടൽ കോടതി അഭ്യർത്ഥിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം  എ.ടി.ശ്രീധരൻ,  സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ചോമ്പാൽ പോലിസ് സബ്ബ് ഇൻസ്പെക്ടർ നിഖിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിന, കടൽ കോടതി പ്രസിഡണ്ട് പി.ടി.രവിന്ദ്രൻ, സെക്രട്ടറി എൻ.കെ.പ്രശാന്ത്, മറ്റ് തൊഴിൽ മേഖലയിലെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

click me!