
മഞ്ചേരി: മലപ്പുറം ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച് രോഗവിമുക്തി നേടിയ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ വികാരനിർഭരമായ യാത്രയയപ്പ് നൽകി. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ആദ്യമായി കൊറോണ വൈറസ് പോസിറ്റീവായി സ്ഥിരീകരിച്ച വണ്ടൂർ വാണിയമ്പലം ശാന്തിയിൽ കോക്കാടൻ സ്വദേശിയായ മറിയക്കുട്ടിയാണ് (48) രോഗ വിമുക്തി നേടി ആശുപത്രി വിട്ടത്.
ഇത് കൂട്ടായ്മ തീർത്ത ചരിത്ര വിജയമാണെന്നും നാം അതിജീവിക്കുക തന്നെ ചെയ്യുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം പി ശശി പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. കെ വി നന്ദകുമാർ, അഡ്വ. എം ഉമ്മർ എം എൽ എ, മുനിസിപ്പൽ ചെയർമാൻ വി എം സുബൈദ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അഫ്‌സൽ, ആർ എം ഒ മാരായ ഡോ വല്ലാഞ്ചിറ അബ്ദുൽജലീൽ, ഡോ സഹീർ നെല്ലിപ്പറമ്പൻ, നഴ്‌സുമാരായ മിനി, ലിജി, സുജാത, അനില മുത്തു ജീവനക്കാർ ചേർന്ന് വികാരനിർഭരമായ യാത്രയയപ്പ് നൽകിയത്.
മറിയക്കുട്ടി എല്ലാവർക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു. ആശുപത്രിയുടെ ആംബുലൻസിലാണ് അവരെ യാത്രയാക്കിയത്. വീട്ടിലെത്തിയാലും 14 ദിവസം സുരക്ഷിതമായി നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ഉംറ കഴിഞ്ഞ് തിരിച്ചു വന്ന ശേഷം കടുത്ത പനിയും ചുമയും തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 13നാണ് മറിയക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാർച്ച് 16നാണ് ഇവർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. റിസൽറ്റ് നെഗറ്റീവായി മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്യുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam