കൊവിഡ് പ്രതിരോധം: കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍

By Web TeamFirst Published Jun 23, 2021, 8:39 PM IST
Highlights

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ  കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി.  രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍, കണ്ടെയിന്‍മെന്റ് സോണ്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ 60 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായും കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവില്‍ 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും 10 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും  കണ്ടെയിന്‍മെന്റ് സോണായും പ്രഖ്യാപിച്ചു.

കായക്കൊടി ഗ്രാമപഞ്ചായിലെ പാലോളി,  കൂത്താളി ഗ്രാമപഞ്ചായത്തിലെ കൊരട്ടി,  കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ  പൈങ്ങോട്ടുപുറം വെസ്റ്റ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍,   കാക്കവയല്‍, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുരുകല്ലിങ്ങല്‍ വെസ്റ്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ  മരിയപ്പുറം, വടകര മുന്‍സിപ്പാലിറ്റിയിലെ പുതിയാപ്പ, വടകര തെരു,  കോഴിക്കോട് കോര്‍പ്പറേഷനിലെ കൊമ്മേരി, മീഞ്ചന്ത,  തോപ്പയില്‍,  കരുവിശ്ശേരി, പുതിയങ്ങാടി, പുതിയാപ്പ, ചക്കുകടവ്, പറയഞ്ചേരി  വാര്‍ഡുകളാണ് ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊര കൂടിചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.  ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അവശ്യവസ്തു സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴ്  മണിവരെ പ്രവര്‍ത്തിപ്പാക്കാം.  ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണം രാത്രി 7.30 വരെയായിരിക്കും.  ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കും .   വാര്‍ഡുകളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.

കണ്ടെയിന്‍മെന്റ് സോണായി  പ്രഖ്യാപിച്ചിരിക്കുന്ന  വാര്‍ഡുകളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.   ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 50 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!