കൊവിഡ് തളർത്തിയില്ല: പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽവെച്ച് സത്യപ്രതിജ്ഞ ചൊല്ലി മുബാറക്ക്

By Web TeamFirst Published Dec 21, 2020, 7:19 PM IST
Highlights

കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏൽക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്.

മലപ്പുറം: കൊവിഡിന് മുന്നിൽ തളരാൻ തൽക്കാലം സി കെ മുബാറക്ക് തയ്യാറായിരുന്നില്ല. കൗൺസിലറായി ചുമതലയേൽക്കാൻ മുബാറക്ക് സത്യപ്രതജ്ഞ ചൊല്ലിയത് പി പി ഇ കിറ്റ് ധരിച്ച് ആംബുലൻസിൽവെച്ചാണ്. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏൽക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്. വാരണാധികാരി സി ആർ മുരളീകൃഷ്ണൻ പി പി ഇ കിറ്റ് ധരിച്ച് വാഹനത്തിന് സമീപമെത്തി ഇദ്ദേഹത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങിന് ശേഷം മുബാറക്ക് ആശുപത്രിയിലേക്ക് തന്നെ തിരികെ പോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ മുടപ്പിലാശേരിയിൽ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയം നേടിയത്. ഫലം വരുന്നതിന് മുൻപ് തന്നെ രോഗബാധിതനായ ഇദ്ദേഹമാണ് വണ്ടൂർ പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന അംഗം.

click me!