വയനാട്ടില്‍ കൊവിഡ് രോഗികള്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നു; കര്‍ശന നടപടിയെന്ന് അധികൃതര്‍

By Web TeamFirst Published Jan 26, 2021, 9:48 PM IST
Highlights

രോഗികള്‍ പുറത്തിറങ്ങി സാധാരണ മട്ടില്‍ ഇടപഴകുന്നത് ഗുരുതരമായ സാഹചര്യമാണെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കല്‍പ്പറ്റ: കൊവിഡിന്‍റെ തുടക്കകാലത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് രോഗികള്‍ ഉള്ള ജില്ലയായിരുന്നു വയനാട്. എന്നാല്‍ നിലവിലെ സ്ഥിതി മറിച്ചാണ്. മിക്ക ദിവസവും 200ന് മുകളിലായിരിക്കും സമ്പര്‍ക്ക രോഗികളുടെ മാത്രം കണക്ക്. ചില ദിവസങ്ങളില്‍ മുഴുവന്‍ രോഗികളും സമ്പര്‍ക്കം തന്നെയായിരിക്കും. ഇക്കാരണത്താല്‍ മുമ്പെങ്ങുമില്ലാത്ത വിധം കൊവിഡ് രോഗികള്‍ വര്‍ധിച്ച വയനാട്ടില്‍ പോസിറ്റീവായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജില്ല ഭരണകൂടം. 

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികള്‍ പുറത്തിറങ്ങി സാധാരണ മട്ടില്‍ ഇടപഴകുന്നത് ഗുരുതരമായ സാഹചര്യമാണെന്നും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 

നിലവില്‍ 3501 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2728 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. വീടുകളില്‍ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാന്‍ പാടില്ല. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പാക്കുന്നത് വരെ സമ്പര്‍ക്കരഹിത നിരീക്ഷണത്തില്‍ കഴിയണം. എല്ലാവരും കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചാല്‍ മാത്രമേ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. 

വയോജനങ്ങളിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും കോവിഡ് ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നത് നാള്‍ക്കുനാള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാര്യങ്ങളെ ഗൗരവ പൂര്‍വ്വം സമീപിക്കണമെന്നും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

ജില്ലയില്‍ ഇന്ന് (26.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 264 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22268 ആണ്.

click me!