ഗതാഗത കുരുക്കിന് അറുതി; കോഴിക്കോടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന കോരപ്പുഴ പാലം യാഥാർത്ഥ്യമാകുന്നു

By Web TeamFirst Published Jan 26, 2021, 6:40 PM IST
Highlights

ഗാന്ധിയനായ കെ. കേളപ്പന്റെ പ്രവർത്തന ഫലമായി 1940 ൽ നിര്‍മിച്ച കോരപ്പുഴ പാലം പിന്നീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. 

കോഴിക്കോട്:  കോഴിക്കോടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന കോരപ്പുഴ പാലം പുതുമയോടെ യാഥാർത്ഥ്യമാകുന്നു. ഗതാഗത കുരുക്കുകൾക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 80 വർഷക്കാലം പഴക്കമുള്ള പാലം സർക്കാർ പുനർനിർമ്മിക്കുന്നത്.
അതിവേഗത്തിൽ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന കോരപ്പുഴ പാലം ഫെബ്രുവരി മാസത്തിൽ നാടിനു സമർപ്പിക്കും.  

ഗാന്ധിയനായ കെ. കേളപ്പന്റെ പ്രവർത്തന ഫലമായി 1940 ൽ നിര്‍മിച്ച കോരപ്പുഴ പാലം പിന്നീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മ്മാണം നടത്തുന്നത്.

വീതി കൂട്ടി ഇരുവശത്തും നടപ്പാതകളോട് കൂടിയാണ് പുതിയ പാലം പണിതിട്ടുള്ളത്. 12 മീറ്റര്‍ വീതിയിലാണ് പാലം. വാഹനങ്ങള്‍ക്ക് പോവാനായി 7.5 മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തെരുവുവിളക്കും സ്ഥാപിക്കുന്നുണ്ട്. 

പാലത്തില്‍ ഏഴ് സ്പാനുകളാണ് ഉള്ളത്. ഓരോ സ്പാനിനും 32 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ്. പാലത്തിന്  ഇരുകരകളിലുമായി 150 മീറ്റര്‍ നീളമുള്ള അപ്രോച്ച് റോഡ് ഉണ്ട്. ഇതുകൂടാതെ രണ്ടു ഭാഗങ്ങളിലും ആവശ്യമായ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൊത്തം എട്ട് തൂണുകളാണ് പാലത്തിനുള്ളത്. വശങ്ങളിൽ ആർച്ച് രൂപം നൽകിയിട്ടുണ്ട്. 

നിർമ്മാണം പൂർത്തിയായി ജനങ്ങൾക്ക് സമർപ്പിക്കുന്നതോടെ ജില്ലയുടെ വികസന ഭൂപടത്തിൽ കോരപ്പുഴ പാലം യശസ്സുയർത്തി നിൽക്കും. പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ സന്ദർശനം നടത്തി. കോർപറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജിന, കൗൺസിലർ മനോഹരൻ, റോഡ്സ് എക്‌സി. എൻജിനീർ ആർ. സിന്ധു , ടി.പി. വിജയൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

click me!