കൊവിഡ് 19: രോഗികള്‍ക്ക് ആശ്വാസമായി സംസ്ഥാന യുവജന കമ്മീഷന്‍

By Web TeamFirst Published Apr 3, 2020, 10:46 PM IST
Highlights

ആദ്യ ഘട്ട മരുന്ന് വിതരണത്തിനായി കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുമായി ഫയര്‍ ഫോഴ്‌സിന്റെ വാഹനം ഏപ്രില്‍ മൂന്നിന് രാവിലെ പുറപ്പെട്ടു.
 

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ച് ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്ക് മരുന്നുകള്‍ എത്തിക്കുകയാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍. യുവജനകമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് മരുന്നുകള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോട് കൂടിയാണ് എത്തിക്കുന്നത്.

ആദ്യ ഘട്ട മരുന്ന് വിതരണത്തിനായി കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുമായി ഫയര്‍ ഫോഴ്‌സിന്റെ വാഹനം ഏപ്രില്‍ മൂന്നിന് രാവിലെ പുറപ്പെട്ടു. യുവജനകമ്മീഷന്‍ യൂത്ത് ഡിഫെന്‍സ് ഫോഴ്‌സ് വളണ്ടിയര്‍മാര്‍ സമാഹരിച്ച മരുന്നുകളുമായാണ് ദൗത്യസംഘം തിരിച്ചത്. 

മരുന്നുകള്‍ യുവജനകമ്മീഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍മായ അഡ്വ. എം രണ്‍ദീഷ്, ആര്‍ മിഥുന്‍ഷാ എന്നിവര്‍ സ്റ്റേഷന്‍ ഓഫിസര്‍ നിതിന്‍ രാജിന് കൈമാറി. ഫയര്‍ റെസ്‌ക്യൂ ഓഫിസര്‍മാര്‍ മനു, മോഹന്‍, ഡ്രൈവര്‍മാരായ സന്തോഷ് പ്രശാന്ത് എന്നിവര്‍ ഏറ്റുവാങ്ങി. സേനാംഗംങ്ങളായ പ്രശാന്ത്, സന്തോഷ് എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്റെയും സംസ്ഥാന യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെയും നേതൃത്വത്തിലാണ് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഒരുക്കുന്നത് അടക്കമുള്ള യുവജന കമ്മീഷന്റെ നടപടികള്‍ ശ്രദ്ധേയമായിരുന്നു. യുവജനകമ്മീഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 14 ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

click me!