
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഏഴിന് ദുബായില്‍ നിന്ന് വന്ന നാദാപുരം പാറക്കടവ് സ്വദേശി (78 വയസ്), 13 ന് കുവൈത്തില്‍ നിന്ന് വന്ന ഓര്‍ക്കാട്ടേരി സ്വദേശിനി (23) എന്നിവര്‍ക്കാണ് പരിശോധനാ ഫലം പോസിറ്റീവായത്. ആദ്യത്തെയാള്‍ എന്‍ഐടി ഹോസ്റ്റലിലെയും രണ്ടാമത്തെ വ്യക്തി ഓമശ്ശേരി നഴ്‌സിങ് ഹോസ്റ്റലിലെയും കൊവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു.
ആദ്യത്തെയാളെ 16 നും രണ്ടാമത്തെ വ്യക്തിയെ 15 നുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവസാംപിള്‍ പരിശോധനയില്‍ പോസിറ്റീവായ ഇരുവരുടെയും നില തൃപ്തികരമാണ്. നിലവില്‍ 9 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്. ഇന്ന് 43 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആകെ 2797 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2694 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2653 എണ്ണം നെഗറ്റീവ് ആണ്. 103 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്. ഇന്ന് പുതുതായി വന്ന 555 പേര്‍ ഉള്‍പ്പെടെ 5654 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതുവരെ 23,430 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് വന്ന 16 പേര്‍ ഉള്‍പ്പെടെ 35 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 14 പേര്‍ ആശുപത്രി വിട്ടു. ജില്ലയില്‍ ഇന്ന് പുതുതായി 59 പ്രവാസികള്‍ നിരീക്ഷണത്തില്‍ എത്തി. ഇതുവരെ 444 പ്രവാസികളാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 183 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 249 പേര്‍ വീടുകളിലും ആണ്. 12 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 63 പേര്‍ ഗര്‍ഭിണികളാണ്.
മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 111 പേര്‍ക്ക് മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2271 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9054 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam