കൊവിഡ് ബാധിതനായ വയോധികനോട് ക്രൂരത; അച്ഛനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍

By Web TeamFirst Published Oct 30, 2021, 7:05 AM IST
Highlights

കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നാരായണനെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല. 

കണ്ണൂര്‍: കൊവിഡ് (Covid 19) ബാധിച്ച 77കാരനെ  ആശുപത്രിയില്‍ ഉപേക്ഷിച്ച് (Abandoned) മക്കള്‍. കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തിയ വടകര മണിയൂര്‍ സ്വദേശിയായ വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും അറിയിച്ചതോടെ പൊലീസിനെ (Police)  സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി (Hospital) അധികൃതര്‍. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നാരായണനെ (Narayanan) മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല. 

സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും മൂന്ന് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല. രോഗം ഭേദമായപ്പോഴും അച്ഛനെ തിരിച്ചുകൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മക്കളെ സമീപിച്ചിട്ടും ആരുമെത്തിയില്ല. ആശുപത്രി ജീവനക്കാരും വാര്‍ഡിലെ മറ്റ് രോഗികളും ചേര്‍ന്നാണ് നാരായണനെ പരിചരിച്ചിരുന്നത്.

മക്കളിലൊരാള്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരനാണ്. സംഭവമറിഞ്ഞതോടെ മൂന്ന് മക്കളെയും അധികൃതര്‍ ബന്ധപ്പെട്ടു. എന്നാല്‍ ആരും നാരായണനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഓര്‍മക്കുറവുള്ള നാരായണന് ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനടക്കം പരസഹായം ആവശ്യമുണ്ട്. ബന്ധുക്കളാരും തിരിഞ്ഞ് നോക്കാതായതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍.
 

click me!