പേവിഷ വിഷബാധയേറ്റ് 14കാരൻ മരിച്ച സംഭവം; നുരയും പതയും വന്ന് നായയും ചത്തു, നാട്ടുകാർ ഭീതിയിൽ

By Web TeamFirst Published Oct 29, 2021, 8:28 PM IST
Highlights

ഏറെ നേരം വായിൽ നിന്നും നുരയും പതയും വന്ന ശേഷമാണ് നായ ചത്തത്. ഇതേ തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്.  

ചേർത്തല: ആലപ്പുഴയില്‍(Alappuzha) പേവിഷ വിഷബാധയേറ്റ്(rabies) പതിന്നാലുകാരൻ മരിച്ചതിന് പിന്നാലെ  ദുരൂഹ സാഹചര്യത്തിൽ  നായയും(dog) ചത്തു. ഇതോടെ നാട്ടുകാർ ഭീതിയിലായി. വായിൽ നിന്നും നുരയും പതയും വന്നാണ് നായ ചത്തത്. നാട്ടുകാർ നോക്കിനിൽക്കെയാണ് നായയുടെ അന്ത്യം. കഴിഞ്ഞ ദിവസം മരിച്ച പതിന്നാലുകാരന് എങ്ങനെ പേവിഷബാധയേറ്റെന്ന് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, വായില്‍ നിന്നും നുരയും പതയും വന്ന് നായ ചത്തതോടെ പ്രദേശമാകെ ഭീതിയിലായിരിക്കുകയാണ്. 

നായയെ ആരെങ്കിലും വളർത്തിയിരുന്നതാണോ എന്നു കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ചത്ത നായയുടെ  ശരീരം പോസ്റ്റുമോർട്ടം ചെയ്യാനും പരിശോധനകൾക്കുമായി ശ്രമങ്ങൾ തുടങ്ങി. കഴിഞ്ഞ 16ന് അർത്തുങ്കൽ സ്രാമ്പിക്കൽ രാജേഷിന്റെ മകൻ നിർമ്മൽ രാജേഷ്(14) ആണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പേവിഷബാധയെ തുടർന്നു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനകളിലാണ് നിര്‍മ്മലിന് പേവിഷബാധയേറ്റിരുന്നതായി കണ്ടെത്തിയത്. 

വീട്ടിൽ വളർത്തിയിരുന്ന പട്ടിയിൽ നിന്നാണോ പേവിഷബാധ ഏറ്റതെന്ന് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും തിരുവനന്തപുരം സിയാദിൽ നിന്ന് വിദഗ്ദരെത്തിയും പരിശോധിച്ചിരുന്നു. എന്നാൽ വീട്ടിലെ പട്ടിക്കു പേവിഷബാധയില്ലെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ വിപുലമായ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ നായയെ സ്കൂൾ വളപ്പിൽ ചത്ത നിലയില്‍ കണ്ടെത്തിയത്.  

ഏറെ നേരം വായിൽ നിന്നും നുരയും പതയും വന്ന ശേഷമാണ് പട്ടി ചത്തത്. ഇതേ തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്.  ചത്ത നായക്ക് പേവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് ലക്ഷണങ്ങളിൽ നിന്നും പ്രാഥമിക നിഗമനം. മറ്റുപട്ടികളിലേക്കും ഇതു പകർന്നിരിക്കാമെന്നതും ഭീതി ഉയർത്തുന്നുണ്ട്. ചേർത്തല തെക്ക് പഞ്ചായത്ത് അധികൃതരും പൊലീസും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് നടപടികൾ സ്വീകരിക്കുന്നത്. 
 

click me!