മാരാരിക്കുളത്ത് വാഹനപരിശോധനക്കിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ ഡ്രൈവർക്ക് കൊവിഡ്

By Web TeamFirst Published Oct 18, 2020, 8:31 PM IST
Highlights

മാരാരിക്കുളത്ത് മരിച്ച ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ കരുനാഗപള്ളി സ്വദേശി ഷാനവാസിനെ സമീപത്തെ പുരയിടത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്

ആലപ്പുഴ: മാരാരിക്കുളത്ത് മരിച്ച ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഭയന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ കരുനാഗപള്ളി സ്വദേശി ഷാനവാസിനെ സമീപത്തെ പുരയിടത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ  ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട്  ജങ്ഷനിലായിരുന്നു സംഭവം.  കൂത്താട്ടുകുളത്ത് നിന്നും എംസാൻഡുമായി എത്തിയ ലോറിക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചു. വാഹനം വഴി അരികിൽ നിർത്തിയശേഷം  ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. 

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറച്ചുദൂരം പിന്നാലെ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഉദ്യോഗസ്ഥരെ ഭയന്ന് ഷാനവാസും സഹായിയും ഇരു ദിശയിലേക്കാണ് ഓടിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംഭവം ഉടൻ മാരാരിക്കുളം പൊലീസിനെ അറിയിച്ചു. കൊല്ലം സ്വദേശിയായ വാഹന ഉടമയോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. 

തുടർന്ന് ലോറിയിലെ സഹായി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഡ്രൈവറായ ഷാനവാസിനെ  കണ്ടെത്താനായിരുന്നില്ല. മൊബൈൽ ഫോണിലും ലഭ്യമായിരുന്നില്ല. പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ട് ജങ്ഷന് ഒരു കിലോമീറ്റർ പരിധിയിൽ  ഷാനവാസിനെ മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി. 

ലോറിയിൽ അമിതഭാരം ഉള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയത് എന്ന് സഹായി പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് മാരാരിക്കുളം  പൊലീസ് കേസെടുത്തിരുന്നു. 

click me!