സ്കൂളിൽ മോഷണം നടത്തിയ രണ്ട് പ്രദേശവാസികളെ പോലീസ് പിടികൂടി. മോഷ്ടിച്ച സാധനങ്ങൾ തിരികെ സ്കൂളിൽ എത്തിച്ചെങ്കിലും, മൊഴികളിലെ വൈരുദ്ധ്യവും മറ്റു തെളിവുകളും പ്രതികളെ കുടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ സ്കൂളിൽ മോഷണം നടത്തിയവരെ വലയിലാക്കി പൊലീസ്. ചെറുകര ആർജിഎം എൽപി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന സ്പീക്കറുകൾ, മിക്സർ തുടങ്ങിയവ മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. പ്രദേശവാസികളായ ചെറുകര അനന്തു ഭവനിൽ അനന്തു രാജ് (29), പൊൻപാതിര മുകളിൽ ബിനു (36 ) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 28നായിരുന്നു മോഷണം. സ്കൂൾ അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത്
അന്വേഷണം നടത്തുന്നതിനിടെ മോഷണ മുതൽ ഇവർ ആരുമറിയാതെ തിരികെ സ്കൂളിൽ കൊണ്ടെത്തിച്ചിരുന്നു. എങ്കിലും മോഷ്ടാക്കളെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കി. സ്കൂളിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ മോഷണം നടത്താൻ കഴിയൂ എന്ന് പ്രഥമാധ്യാപിക പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ നിരവധിപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യവും സംഭവദിവസം ഇവരെ സ്കൂൾ പരിസരത്ത് കണ്ടതായി മറ്റുള്ളവർ തിരിച്ചറിഞ്ഞതും വഴിത്തിരിവായി.
ഫോൺ പരിശോധിച്ചപ്പോൾ മൈക്ക് സെറ്റിന്‍റെ വില വിവരങ്ങൾ അന്വേഷിച്ചതടക്കം പൊലീസ് കണ്ടെത്തി. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിക്കുകയാണ്. പ്രതികളെ സ്കൂളിലും പരിസരത്തും എത്തിച്ച് തെളിവെടുത്തു. മോഷണം നടത്തിയ രീതിയും മോഷണമുതൽ സൂക്ഷിച്ച സ്ഥലവും പ്രതികൾ പൊലീസിന് വിവരിച്ചു നൽകി. ഇതിനുമുമ്പ് സ്കൂളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിലും ഇവർ തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


