ഇടുക്കി രാജാക്കാട് സ്വദേശി രാജേഷിന്റെ ജീവിതമാർഗമായ ഓട്ടോറിക്ഷ മൂന്ന് തവണ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പോലീസ് പ്രതിയെ പിടികൂടാത്തതിനാൽ, രാജേഷും കുടുംബവും പ്രതിസന്ധിയിലാണ്.
തിരുവനന്തപുരം: ജീവിത മാർഗമായ ഓട്ടോറിക്ഷ മൂന്ന് തവണ അജ്ഞാതൻ തീയിട്ടതോടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കി രാജാക്കാട് കൊച്ചുമുല്ലക്കാനത്ത് ചൂഴികരയിൽ രാജേഷും കുടുംബവും. മൂന്ന് തവണയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ ഓട്ടോറിക്ഷയ്ക്ക് തീയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് നല്‍കിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
ഇക്കഴിഞ്ഞ ഡിസംബർ 17 ന് രാജേഷിന്‍റെ വീടിൻറെ മുറ്റത്ത് കിടന്നിരുന്ന ഓട്ടോറിക്ഷക്ക് ഒരാൾ തീവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസിന് നൽകിയത്. കടം വാങ്ങിയും വായ്പയെടുത്തും വാങ്ങിയ മൂന്ന് ഓട്ടോറിക്ഷകളാണ് ഒന്നിന് പുറകേ ഒന്നായി അഗ്നിക്കിരയാക്കിയത്. 2024 നവംബർ 11നാണ് ആദ്യം ഓട്ടോ കത്തിക്കുന്നത്. 60,000 രൂപ മുടക്കി നന്നാക്കി വീണ്ടും ഓടിക്കാൻ തുടങ്ങി. 2025 സെപ്റ്റംബർ 12 ന് വീണ്ടും ആരോ കത്തിച്ചു. പൂർണമായും നശിച്ച ഓട്ടോയ്ക്ക് 39,000 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി നൽകിയത്.
കടം വാങ്ങിയെടുത്ത ഓട്ടോ കഴിഞ്ഞ 17ന് വീണ്ടും കത്തിച്ചു. ഓരോ തവണയും രാജാക്കാട് പൊലീസിൽ പരാതി നല്‍കും. പൊലീസ് അന്വേഷണം നടത്തും. എങ്ങുമെത്താതെ അവസാനിപ്പിക്കും. ആദ്യ ഓട്ടോ കത്തിച്ചപ്പോള്‍ പൊലീസ് നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചു. പിന്നീടും ആവര്‍ത്തിച്ചതോടെ ഇടുക്കി എസ്‍പിക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി നല്‍കി. എന്നിട്ടും ഫലമുണ്ടായില്ല. ഡിസംബറിൽ ഓട്ടോ കത്തിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്‍റെ കയ്യിലുണ്ട്. ഹെല്‍മറ്റ് ധരിച്ച ആളെത്തിയ വാഹനം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനാൽ അന്വേഷണം മറ്റൊരു ഏന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാജേഷ്. അതേ സമയം അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നാണ് രാജാക്കാട് പൊലീസിന്‍റെ വിശദീകരണം.


