കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പാമ്പുകടിയേറ്റു; അഭിരാമിനെ ആശ്വസിപ്പിക്കാന്‍ മന്ത്രിയുടെ ഫോണ്‍ കോള്‍

By Web TeamFirst Published May 28, 2021, 8:41 PM IST
Highlights

കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനിടെയാണ് കൊമ്മേരിയില്‍ വെച്ച് പാമ്പുകടിയേറ്റത്. പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അഭിരാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
 

കോഴിക്കോട്: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ എഐവൈഎഫ് പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് റവന്യൂമന്ത്രി കെ രാജന്‍. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് എഐവൈഎഫ് നേതൃത്വത്തില്‍ കൊവിഡ് ദുരിത ബാധിതര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെ എഐഎസ്എഫ് കൊമ്മേരി യൂണിറ്റ് സെകട്ടറിയും എഐ വൈഎഫ് യൂണിറ്റ് കമ്മിറ്റി അംഗവുമായ കൊമ്മേരി നമ്പ്രത്ത് വീട്ടില്‍ എന്‍ അഭിരാമിന് പാമ്പുകടിയേല്‍ക്കുന്നത്. 

പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അഭിരാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കുഴപ്പമൊന്നുമില്ലെന്ന് കണ്ട് ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി  വീട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി മന്ത്രി കെ. രാജന്‍ അഭിരാമിനെ വിളിച്ചത്. പതറാതെ മുന്നോട്ടു പോകണമെന്നും തങ്ങളെല്ലാം ഒപ്പമുണ്ടന്നും മന്ത്രി പറഞ്ഞു. എന്താവശ്യത്തിനും തന്റെ നമ്പറില്‍ വിളിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എഎവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെപി ബിനൂപില്‍ നിന്ന് വിവരമറിഞ്ഞാണ് മന്ത്രി അഭിരാമിനെ വിളിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!