വ്യാജ സീല്‍ ഉപോഗിച്ച് പാസ് നല്‍കിയ പാനൂര്‍ വൈസ് ചെയര്‍പേഴ്സണെതിരെ കേസ്

By Web TeamFirst Published May 4, 2020, 3:52 PM IST
Highlights

ചെയര്‍പേഴ്സണായിരുന്നപ്പോള്‍ ലഭിച്ച സീല്‍ പിന്നീട് നഷ്ടപ്പെട്ടെന്നായിരുന്നു കെ വി റംല നഗരസഭയെ അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ നഷ്ടപ്പെട്ടെന്ന് പറയുന്ന സീലുപയോഗിച്ചാണ് അവര്‍ ഹോട്ട്സ്പോട്ടിലുള്ള ആളുകള്‍ക്ക് പാസ് അനുവദിക്കുന്നതെന്നും നാട്ടുകാരനായ റിജു ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.  

കൊറോണ ഹോട്ട്സ്പോട്ടായ പാനൂർ നഗരസഭയിൽ അനധികൃതമായി പാസ് അനുവദിച്ച വൈസ് ചെയര്‍പേഴ്സണ്‍ കെ വി റംലയ്ക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. കൊറോണാ വിഷയത്തില്‍ കെ വി റംലയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിതെന്ന് ചൊക്ലി പൊലീസ് പറഞ്ഞു. നേരത്തെ, ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പാനൂര്‍ നഗരസഭയില്‍ പൊലീസ് അടച്ച റോഡ് ബലം പ്രയോഗിച്ച് തുറന്നതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസുണ്ടെന്നും ചൊക്ലി പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

കൊറോണാ വ്യാപനത്തെ തുടര്‍ന്ന് സഞ്ചാരസ്വാതന്ത്രം നിരോധിച്ച ജില്ലയില്‍ പാസ് അനുവദിക്കാനുള്ള അധികാരം കലക്ടര്‍ക്കാണ്. എന്നല്‍, അടിയന്തിര ഘട്ടങ്ങളില്‍ നഗരസഭാ സെക്രട്ടറിക്കും ചെയര്‍പേഴ്സണും അഞ്ച് പാസ് അനുവദിക്കാന്‍ അധികാരമുണ്ട്. എന്നാല്‍, അധികാര ദുര്‍വിനിയോഗം നടത്തിയ വൈസ് ചെയര്‍പേഴ്സണ്‍ തന്‍റെ വാര്‍ഡില്‍ 50 ഓളം പേര്‍ക്ക് സഞ്ചാരത്തിനുള്ള പാസ് അനുവദിക്കുകയായിരുന്നെന്ന് നാട്ടുകാരനായ റിജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

കരിയാട് പിഎച്ച്സി പരിധിയില്‍ രണ്ട് പേര്‍ക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാനൂര്‍ നഗരസഭയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നഗരസഭാ പരിധിയിലെ 40 റോഡുകള്‍ പൊലീസ് അടച്ചു. കരിയാട് ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നിയന്ത്രിതമായ രീതിയില്‍ കരിയാട് - പുതുശ്ശേരി മുക്കിലെ റോഡില്‍ സഞ്ചാരസ്വാതന്ത്രം നല്‍കണമെന്ന ചെയര്‍പേഴ്സണ്‍ ഇ കെ സുവര്‍ണ്ണയുടെ ആവശ്യത്തെ തുടര്‍ന്ന് ഇതുവഴി പൊലീസിന്‍റെ നിരീക്ഷണത്തോടെ നിയന്ത്രിതമായി സഞ്ചാര സ്വാതന്ത്രം അനുവദിച്ചിരുന്നു. എന്നാല്‍, നിരവധി ആളുകളുമായി സംഭവസ്ഥലത്തെത്തിയ വൈസ് ചെയര്‍പേഴ്സണ്‍ കെ വി റംല, പൊലീസ് റോഡില്‍ വച്ചിരുന്ന തടസങ്ങള്‍ നീക്കി. ഇതറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് കെ വി റംലയ്ക്കെതിരെയും കണ്ടാലറിയുന്നവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം സഞ്ചാരസ്വാതന്ത്രം നിരോധിച്ച ഹോട്ട്സ്പോട്ടില്‍ കൂടി കടന്നുപോയ KL-18 6 3486 എന്ന കാര്‍ പൊലീസ് പരിശോധിച്ചപ്പോള്‍, വൈസ് ചെയര്‍മാന്‍റെ വ്യാജ സീല്‍വച്ച പാസ് കണ്ടെത്തുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തു. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് ചെയര്‍പേഴ്സണായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന സീല്‍ ഉപോഗിച്ച് കെ വി റംല അനധികൃതമായി പാസ് നല്‍കിയിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കെ വി റംല, മുബീര്‍, സബിത്ത് എന്നിവര്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കുകയായിരുന്നെന്ന് ചൊക്ലി പൊലീസ് പറഞ്ഞു. 

( ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പാനൂര്‍ നഗരസഭയില്‍ കെ വി റംല അനുവദിച്ച സാഞ്ചാരസ്വാതന്ത്രത്തിനുള്ള പാസ്. പാസില്‍ കെ വി റംല ചെയര്‍പേഴ്സണ്‍ എന്നതിനോട് ചെര്‍ന്ന് പേന കൊണ്ട് "vice" എന്ന് എഴുതിയിരിക്കുന്നത് കാണാം. )
 

പാനൂര്‍ നഗരസഭയില്‍ മുസ്ലീം ലീഗ് - കോണ്‍ഗ്രസ്‍ സഖ്യമാണ് ഭരണം നടത്തുന്നത്. ആദ്യ രണ്ടരവര്‍ഷം മുസ്ലീം ലീഗ് അംഗമായ കെ വി റംലയാണ് ചെയര്‍പേഴ്സണായിരുന്നത്. യുഡിഎഫിന്‍റെ മുന്‍ധാരണ അനുസരിച്ച് അടുത്ത രണ്ടരവര്‍ഷം കോണ്‍ഗ്രസിനാണ് ചെയര്‍പേഴ്സണ്‍ സ്ഥാനം. ഇതിനെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കെ വി റംല, ചെയര്‍പേഴ്സണിന്‍റെ വാഹനവും ഐഡി കാര്‍ഡും സീലും കൈവശം വച്ചു. പിന്നീട് ഇത് ആവശ്യപ്പെട്ടപ്പോള്‍ വാഹനവും ഐഡി കാര്‍ഡും തിരിച്ചു നല്‍കിയ ഇവര്‍ ചെയര്‍പേഴ്സണിന്‍റെ സീല്‍ തിരിച്ചു നല്‍കിയിരുന്നില്ലെന്ന് നിലവില്‍ പാനൂര്‍ ചെയര്‍പേഴ്സണായ കെ സി സുവര്‍ണ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. പിന്നീട് ഗള്‍ഫില്‍ പോയ കെ വി റംല ഇതുവരെയായും ചെയര്‍പേഴ്സണിന്‍റെ സീല്‍ തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ഈ സീല്‍ ഉപയോഗിച്ചാണ് ഇവര്‍ ഇപ്പോള്‍ പാസ് അനുവദിക്കുന്നതെന്നും ഇത്തരത്തില്‍ അനുവദിച്ച പാസില്‍ ചെയര്‍പേഴ്സണിന് മുന്നില്‍ "വൈസ്" എന്ന് പേന കൊണ്ട് എഴുതി ചേര്‍ക്കുകയായിരുന്നെന്നും പാനൂര്‍ ചെയര്‍പേഴ്സണ്‍ ഇ കെ സുവര്‍ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്നാല്‍, പാനൂര്‍ നഗരസഭയിലെ പല വാര്‍ഡുകളിലും അഞ്ചിലേറെ പാസ് വിതരണം ചെയ്തിട്ടുണ്ടെന്നും 40 വയസിന് മുകളിലുള്ളവര്‍ക്ക് പാസ് നല്‍കരുതെന്ന നിയമമുണ്ടായിട്ടും 40 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും നഗരസഭാ പരിധിയില്‍ ചെയര്‍പേഴ്സണ്‍ പാസ് അനുവദിച്ചിട്ടുണ്ടെന്നും താന്‍ അടിയന്തിര ഘട്ടത്തിലാണ് തന്‍റെ വാര്‍ഡില്‍ പാസ് അനുവദിച്ചതെന്നും കെ വി റംല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റ് വാര്‍ഡുകളെ അപേക്ഷിച്ച് ജനസാന്ദ്രതയേറിയ വാര്‍ഡാണ് എന്‍റെത്. കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കിയ പാസ് ഉപയോഗിക്കുന്നവര്‍ വരാതായപ്പോള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം നിലയ്ക്കാതിരിക്കാനാണ് താന്‍ പാസ് അനുവദിച്ചത്. 'കെ വി റംല, ചെയര്‍പേഴ്സണ്‍' എന്ന സീല്‍ നാല് വര്‍ഷമായി ഉപോഗിക്കുന്നതാണ്. അത് താന്‍ സ്വകാര്യമായി നിര്‍മ്മിച്ചതാണെന്നും നഗരസഭ തന്നതല്ലെന്നും റംല പറഞ്ഞു. അത്കൊണ്ട് തന്നെ തിരിച്ചു കൊടുക്കേണ്ട കാര്യമില്ല. ഇത്തരമൊരു അടിയന്തിര സാഹചര്യം വന്നപ്പോളാണ് താന്‍ സീല്‍ ഉപയോഗിച്ചത്. മാത്രമല്ല, അതിന്‍റെ മുന്നിലായി പേന കൊണ്ട് "വൈസ്" എന്ന് എഴുതിയിട്ടുണ്ടെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെ വി റംല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!