ഇഗ്നിസ് കേരള ഏർപ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്കാരം ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സമ്മാനിച്ചു. അഴിമതി നിറഞ്ഞ കാലത്ത് മാനുഷിക മൂല്യങ്ങൾക്കായി നിലകൊള്ളുന്നവരെ ആദരിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

തിരുവനന്തപുരം: അഴിമതി ഒരവകാശമായി മാറുന്ന ഒരു സമൂഹത്തിൽ, കള്ളം പറയുക തന്റെ ഉത്തരവാദിത്തമാണെന്നു കരുതുന്ന രാഷ്രട്രത്തലവൻമാരുള്ള കാലമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാർ ഐഎഎസ്. അങ്ങനെയുള്ളവരുടെ ഈ കാലത്ത്‌, മാനവികത, നീതി, ധർമ്മം, ലാളിത്യം തുടങ്ങിയ മൂല്യങ്ങൾക്കായി നിലകൊള്ളുകയും, സന്തുലിതവും സുസ്ഥിരവുമായ വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുകയും ചെയ്യന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്നത് ഏറ്റവും ശ്രേഷ്ഠമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇഗ്നിസ് കേരള ഏർപ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്കാരം വിഴിഞ്ഞം ചപ്പാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശാന്തിഗ്രാം എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടർ എൽ. പങ്കജാക്ഷന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് ശ്രേഷ്ഠ മാനവ പുരസ്കാരം. ഗ്രാമസ്വരാജ്, പ്രകൃതി യുമായി ഇണങ്ങിയ നാടൻ കൃഷി, നാട്ടറിവുകൾ, നാട്ടുവൈദ്യം, നാടൻ പശുക്കളുടെ സംരക്ഷണം തുടങ്ങി നമ്മുടെ നാട്ടിൽ അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരു വൈജ്ഞാനിക വ്യവസ്ഥയെ വീണ്ടെടുത്തു സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിലാണ് പങ്കജാക്ഷന്റെ നേതൃത്വത്തിൽ ശാന്തിഗ്രാം നടത്തുന്നതെന്നും, ഇതെല്ലാം വളരെ ശ്രേഷ്ഠമായ കാര്യങ്ങളാണെങ്കിലും ഇതൊന്നും അത്ര ശ്രേഷ്ഠമല്ല എന്നു കരുതുന്ന വലിയയൊരു ജനവിഭാഗം ബഹുഭൂരിപക്ഷം ആളുകൾ നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട് എന്നതാണ് ഈ പുരസ്കാരത്തിന്റെ ശ്രേഷ്ഠതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ കേരള ജെസ്വിറ്റ്‌ സൊസൈറ്റിയുടെ മുൻ പ്രൊവിൻഷ്യൽ ഫാദർ ജോസഫ് പുളിക്കൽ എസ്.ജെ അധ്യക്ഷം വഹിച്ചു. എഴുത്തുകാരനും കേരള ഗാന്ധി സ്മാരക നിധിയുടെ മുൻ സെക്രട്ടറിയുമായ അജിത് വെണ്ണിയൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. വി. രാജസേനൻ നായർ, എസ്. ശ്രീലത ടീച്ചർ, ജോർജ് ഇഗ്‌നേഷ്യസ്‌, പ്രതാപചന്ദ്രൻ കേശവ്, ഫാ. ഡോ. ജോർജ് തേനാടികുളം എസ്. ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാ. പ്രിൻസ് മണിപ്പാടം പുരസ്‌കാര പത്രിക വായിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് 'വർത്തമാനകാലത്തെ സാമൂഹ്യ സന്നദ്ധ പ്രവർത്തനം : കാഴ്ചപ്പാടുകൾ, സമീപനം, വെല്ലുവിളികൾ " എന്ന വിഷയത്തിൽ സിമ്പോസിയം നടന്നു. സഹായി - സെന്റർ ഫോർ കളക്ടീവ് ലേണിങ് ആൻഡ് ആക്ഷൻ ഡയറക്ടർ ജി പ്ലാസിഡ് നിയന്ത്രിച്ച ചർച്ചയിൽ, 'സന്തുലിതവും സുസ്ഥിരവുമായ വികസനവും പരിസ്ഥിതിയും' 'ഗ്രാമസ്വരാജും തദ്ദേശ സ്വയംഭരണവും' 'ശാക്തീകരണം - സ്ത്രീകളും കുട്ടികളും' എന്നീ വിഷയങ്ങളിൽ ഡോ. എബി ജോർജ്, കെ. ബി. മദൻ മോഹൻ, മേഴ്‌സി അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു. പുരസ്‌കാര നിർണ്ണയ സമിതി ചെയർമാൻ ഡോക്ടർ ആന്റണി പാലക്കൽ സ്വാഗതവും ഇഗ്നിസ് കേരള കൺവീനർ അഡ്വ. പോളി മനക്കിൽ നന്ദിയും പറഞ്ഞു.