
കായംകുളം/ഹരിപ്പാട്: സംസ്ഥാനത്ത് വര്‍ധിക്കുന്ന ചൂടില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും രക്ഷയില്ല. ഹരിപ്പാട് കൊടും ചൂടിൽ തളർന്നു വീണു കറവ പശുക്കൾ ചത്തു. കണ്ടല്ലൂർ തെക്ക് തോട്ടുകര പുതുവലിൽ സുനിൽകുമാറിന്റ ഡയറി ഫാമിലെ രണ്ടു പശുക്കളാണ് ചത്തത്. ചൂട് ക്രമാതീതമായി വർധിച്ചതോടെ പശുക്കൾ തീറ്റ എടുക്കുന്നില്ലായിരുന്നു.
ഒരു പശു രണ്ടു ദിവസം മുൻപും രണ്ടാമത്തേത് ഞായറാഴ്ച ഉച്ചയോടെയുമാണ് ചത്തത്. മുപ്പതോളം പശുക്കളാണ് ഫാമിലുണ്ടായിരുന്നത്. കീരിക്കാട് പത്തിയൂർക്കാല തിരുവിന്നാൽ രാജേന്ദ്രന്റെ എച്ച്എഫ് സങ്കര ഇനത്തിൽപ്പെട്ട പശു സൂര്യാഘാതമേറ്റാണ് ചത്തത്. മാവേലിക്കര കെഎൽഡി ബോർഡിന്റെ അംഗീകാരമുള്ള പശുവാണിത്.
75,000 രൂപാ വില വരും. കഴിഞ്ഞ ദിവസം പശുവിനെ കുളിപ്പിച്ച് വെള്ളവും തീറ്റയും നൽകിയ ശേഷം തൊഴുത്ത് വൃത്തിയാക്കുവാൻ വേണ്ടി പശുവിനെ രാജേന്ദ്രൻ തന്റെ പുരയിടത്തിൽ അഴിച്ചു കെട്ടി. തൊഴുത്ത് വൃത്തിയാക്കിയ ശേഷം പശുവിനെ അഴിക്കുവാൻ ചെല്ലുമ്പോഴാണ് വായിൽ നിന്ന് നുരയും പതയും വന്ന് താഴെ വീണ നിലയിൽ അനക്കമില്ലാതെ കിടക്കുന്ന പശുവിനെ കണ്ടത്. പിന്നീട് മൃഗാശുപത്രിയിൽ നിന്ന് ഡോക്ടര്‍ എത്തി സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam