
കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി പിടികൂടിയ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ നേതൃത്വം അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മുക്കം ചെറുവാടി ബ്രാഞ്ച് സെക്രട്ടറി വി വി നൗഷാദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഐ മണ്ഡലം സെക്രട്ടറി കെ ഷാജികുമാര്‍ ആണ് അറിയിച്ചത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ ഒരാളായിരുന്നു നൗഷാദ്. ടൂറിസ്റ്റ് വിസയില്‍ ബാങ്കോക്ക് സന്ദര്‍ശിച്ച് തിരിച്ചു വരുന്നതിനിടെയാണ് സംഘം പിടിയിലായത്. സംശയം തോന്നി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ ഒഴിഞ്ഞുമാറുകയും പരിഭ്രാന്തരാവുകയും ചെയ്യുന്നത് കണ്ട് ഉദ്യോഗസ്ഥര്‍ അവരുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ലഹരി വസ്തു കണ്ടെത്തുകയായിരുന്നു. ബാഗേജില്‍ നിരവധി ഭക്ഷണ പായ്ക്കറ്റുകളാണ് ആദ്യം കണ്ടത്.
സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ ഹൈഡ്രോപോണിക് കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് കോടി രൂപ വിലമതിക്കുന്ന ഏകദേശം മൂന്ന് കിലോഗ്രാം ഭാരമുള്ള കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നാട്ടിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനളില്‍ മുന്നണി പ്രവര്‍ത്തകനായി നൗഷാദ് പലപ്പോഴും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam