സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By Web TeamFirst Published Jan 30, 2019, 4:22 PM IST
Highlights

രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ടി എം ബാബുവിന്‍റെ മൃതദേഹം ഉച്ചയോടെ കനോലി കനാലില്‍ കൊടുങ്ങല്ലൂര്‍ നാലുകണ്ടം ഭാഗത്തായി കാണപ്പെടുകയായിരുന്നു.

തൃശൂര്‍: സിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള വടമ സ്വദേശിയും അഷ്ടമിച്ചിറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ ടി എം ബാബുവാണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഇദ്ദേഹം. ഉച്ചയോടെ കനോലി കനാലില്‍ കൊടുങ്ങല്ലൂര്‍ നാലുകണ്ടം ഭാഗത്തായിട്ടാണ് മൃതദേഹം കാണ്ടെത്തിയത്. 

പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ കുടുംബപ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സജീവ പാര്‍ട്ടി പ്രവര്‍ത്തകകൂടിയായ ഭാര്യ ഗിരിജയോടൊപ്പം സൗഹാര്‍ദ്ദപരമായ ജീവിതം നയിച്ചുപോരുകയായിരുന്നു. പാര്‍ട്ടിയിലും സര്‍വ്വര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ടി എം ബാബു. എന്നാല്‍, മരണ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

കഴിഞ്ഞ കുറച്ച് നാളായി ബന്ധുവായ ഒരാളുടെ ഫോണ്‍ കോള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് മത്സ്യതൊഴിലാളി യൂണിയന്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം ബാബു കൊടുങ്ങല്ലൂരിലെ ആനാപ്പുഴയില്‍ നിന്ന് മാളയിലേക്ക് മടങ്ങിയത്. യോഗത്തിനിടെ ഇടയ്ക്കിടെയായി ഫോണ്‍ വരികയും പാടെ അസ്വസ്തത പ്രകടിപ്പിച്ചിരുന്നതായും സംഭവശേഷം സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നു. ഇതിനിടയില്‍ 9.40 ഓടെ ഭാര്യയെ ഫോണില്‍ വിളിച്ച് വീട്ടിലെത്താന്‍ വൈകുമെന്ന് പറഞ്ഞായാണ് പൊലീസ് പറയുന്നത്. 
 
മാളയിലെ സിപിഐ ഓഫീസില്‍ രാത്രിയെത്തിയ ബാബു, സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്ന തൊഴിലുറപ്പു തൊഴിലാളികളെ ബസില്‍ യാത്രയാക്കിയ ശേഷമാണ് ഇദ്ദേഹം വീട്ടിലെത്തിയത്. പിന്നീട് 10.20 ന് ഫോണിലേക്ക് വന്ന ഫോണ്‍വിളിയെ കുറിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കരക്കെയ്‌ക്കെത്തിച്ച് പരിശോധന നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനുവേണ്ടി തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച നടക്കും.

click me!