തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സിന്‍റെ ഡീസലാണ് തീര്‍ന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി യാത്രക്കാര്‍ പെരുവഴിയിലായി

കോഴിക്കോട്: ക്രിസ്മസ് ദിനത്തില്‍ ഡീസല്‍ തീര്‍ന്ന് കെഎസ്ആര്‍ടിസി ബസ് വഴിയില്‍ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി യാത്രക്കാര്‍ പെരുവഴിയിലായി. കോഴിക്കോട് കാരശേരിയിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സിന്‍റെ ഡീസലാണ് തീര്‍ന്നത്. 

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പുറപ്പെട്ട ഈ ബസ്സിന് ഡീസല്‍ നിറക്കുന്ന കാര്യത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉണ്ടായ വീഴ്ചയാണ് യാത്രക്കാരെ വലച്ചത്. രാവിലെ ഏഴരക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തേണ്ട ബസ് വൈകിയാണ് ഓടിയിരുന്നത്. ഇതിനിടെയാണ് രാവിലെ എട്ട് മണിയോടെ കാരശേരിയില്‍ വെച്ച് ഡീസല്‍ തീര്‍ന്ന് വഴിയിലായത്. യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഉടന്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. വേറെ വാഹനങ്ങളിൽ പോകാൻ യാത്രക്കാർ വിസമ്മതിച്ചു. പിന്നീട് തിരുവമ്പാടി ഡിപ്പോയിൽ നിന്ന് ഡീസൽ എത്തിച്ച് ബസ് സുൽത്താൻ ബത്തേരിയിലേക്ക് പുറപ്പെട്ടു. രണ്ടര മണിക്കൂർ വൈകി.