
കണ്ണൂർ: ആന്തൂരിലെ നാമനിർദേശപത്രിക വിവാദത്തിൽ തിരിച്ചടിച്ച് സിപിഎം. വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. വ്യാജരേഖയുണ്ടാക്കി പത്രിക നൽകിയവർക്കെതിരെ കേസ് എടുക്കണമെന്ന് കെ കെ രാഗേഷ് പറഞ്ഞു. മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസ് വ്യാജ രേഖയുണ്ടാക്കിയെന്നും, കൂത്തുപറമ്പിൽ ബിജെപിയും വ്യാജരേഖ ഉണ്ടാക്കിയെന്നും സിപിഎം കുറ്റപ്പെടുത്തി. അതേ സമയം, ആന്തൂർ മുനിസിപ്പാലിറ്റിയിൽ, മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ 5 ഇടങ്ങളിൽ സിപിഎം വോട്ടെടുപ്പിന് മുൻപേ ജയമുറപ്പിച്ചു. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളി, കോടല്ലൂര്‍ ഡിവിഷൻ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. തര്‍ക്കമുന്നയിച്ച തളിവയലില്‍, കോള്‍മൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ചു. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് ആരോപിച്ച ഇരുപത്തിയാറാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുകയും ചെയ്തു. 29 ഡിവിഷനുകളില്‍ ആകെ അഞ്ചിടത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ ധര്‍മ്മശാല ടൗണില്‍ എല്‍ഡിഎഫ് ആഹ്ളാദപ്രകടനം നടത്തി. ഭീഷണിയിലൂടെ ജനാധിപത്യത്തെ സിപിഎം കശാപ്പുചെയ്തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എതിരില്ലാത്ത സീറ്റുകളിൽ, മുന്നേ സ്ഥാനാർത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നാണ് കോൺഗ്രസിന്റെ പരാതി. കലക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും കോൺഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സ്ഥാനാർത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam