
ഫോട്ടോ: സെബിൻ ഫ്രാൻസിസ്
തൃശൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കു നേരെ നടന്ന വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിൽ വിവാഹിതനായ സ്കൂൾ അധ്യാപകനും യുവാവും അറസ്റ്റിൽ. രണ്ട് കേസുകളിലാണ് ഇവർ അറസ്റ്റിലായത്. പ്ലസ് ടു വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ സ്വകാര്യ സ്കൂൾ അധ്യാപകനായ കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടിൽ സെബിൻ ഫ്രാൻസീസ് (42), പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവുമാണ് അറസ്റ്റിലായത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധിതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയെ തുടർന്നാണ് സെബിൻ ഫ്രാൻസിസിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ കുട്ടിയെ കൊണ്ട് നിർബന്ധിപ്പിച്ച് രജിസ്റ്റർ വിവാഹം ചെയ്യാനും പ്രതി ശ്രമം നടത്തി. വർഷങ്ങൾക്ക് മുമ്പ് പ്രതി സ്കൂൾ അധ്യാപികയെ വിവാഹം ചെയ്തിരുന്നു. ഇരുവരും തമ്മിൽ ഇപ്പോൾ അകൽച്ചയിലാണ്. നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലന്നാണ് അറിയുന്നത്. ഇതിനിടെയാണ് പ്ലസ് ടു വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്. കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിപിഎം ചിറനെല്ലൂർ ബ്രാഞ്ചുസെക്രട്ടറിയായിരുന്നു. ഇയാളുടെ അസാന്നിധ്യത്തിൽ ചേർന്ന ബ്രാഞ്ചുസമ്മേളനം പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുത്തു.
പ്രണയം നടിച്ച് പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് പുന്നയൂർ സ്വദേശി ശ്രീജിലി (26)നെയാണ് അറസ്റ്റ് ചെയ്തത്. പെൺസുഹൃത്ത് വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി കലശമലയിൽ കൊണ്ടുപോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതോടെ അധ്യാപകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam