
കോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനാണ് കിട്ടേണ്ടത്. തല്‍ക്കാലം ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. എന്നാല്‍ ധാരണയനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാലായിലെ കേരള കോണ്‍ഗ്രസ് എം നേതാക്കളും സിപിഎം നേതാക്കളും തമ്മിലുണ്ടാക്കിയ ടേം ഉടമ്പടി ഉണ്ടാക്കിയിരുന്നു. ഈ ഉടമ്പടിയനുസരിച്ച് അടുത്ത മാസത്തോടെ കേരള കോണ്‍ഗ്രസ് എം പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണം. തുടര്‍ന്നുളള ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം തല്‍ക്കാലം വിട്ടുകൊടുക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ അവസാന ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് നല്‍കാമെന്നും കേരള കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് മുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടായത്. കേരള കോണ്‍ഗ്രസ് നിലപാട് സിപിഎം ജില്ലാ നേതൃത്വത്തിന് സ്വീകാര്യമെങ്കിലും പാലായിലെ പ്രാദേശിക നേതൃത്വം ചെയര്‍മാന്‍ സ്ഥാനം ഉടന്‍ കിട്ടണമെന്ന നിലപാടിലാണ്. ഇല്ലെങ്കില്‍ അവസാന വര്‍ഷം കേരള കോണ്‍ഗ്രസ് എം വിശ്വാസ വഞ്ചന കാട്ടുമെന്നും പ്രാദേശിക സിപിഎം നേതൃത്വം ഭയപ്പെടുന്നു. വിവാദത്തില്‍ കരുതലോടെയാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.
കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുളള തദ്ദേശ സ്ഥാപനങ്ങളില്‍ സമാനമായ കരാര്‍ സിപിഎമ്മിനും കേരള കോണ്‍ഗ്രസിനും ഇടയില്‍ നിലവിലുണ്ട്. ഇതില്‍ മിക്കയിടത്തും ധാരണപാലിക്കാനായി കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച് തുടങ്ങുകയും ചെയ്തു. എന്നാല്‍ പാലായില്‍ മാത്രം അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിന് പിന്നില്‍ മാണി ഗ്രൂപ്പിലെ അഭിപ്രായ ഭിന്നതകളും കാരണമായിട്ടുണ്ടെന്നാണ് സൂചന.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam