സൂപ്പര്‍മാര്‍ക്കറ്റ് കുത്തിപൊളിച്ച് കവര്‍ച്ച; രണ്ടു യുവാക്കള്‍ പൊലിസ് പിടിയില്‍

Published : Oct 28, 2022, 01:17 PM IST
സൂപ്പര്‍മാര്‍ക്കറ്റ് കുത്തിപൊളിച്ച് കവര്‍ച്ച; രണ്ടു യുവാക്കള്‍ പൊലിസ് പിടിയില്‍

Synopsis

നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലൂടെയാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്

കോഴിക്കോട് : കൊടുവള്ളി മണ്ണില്‍കടവിലെ ലിമ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ രണ്ടുപേരെ കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കക്കോടി ആരതി ഹൗസില്‍ നവീന്‍ കൃഷ്ണ (19), പോലൂര്‍ ഇരിങ്ങാട്ടുമീത്തല്‍ കുഞ്ഞുണ്ണി എന്ന അഭിനന്ദ്(19) എന്നിവരാണ് പിടിയിലായത്. കൂടാതെ എരവന്നൂര്‍ തെക്കേടത്തുതാഴം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍കൂടി കേസില്‍ പിടിയിലാകാനുണ്ട്. ഈ മാസം പതിനാലിനു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത് അകത്തുകയറി മോഷണം നടത്തിയത്.

കൊടുവള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്ന് തന്നെ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് ഉദ്യോസ്ഥരും പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് കൃത്യം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെകുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചു വരുന്ന പ്രതികളെ വ്യാഴാഴ്ച്ച അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് കൊടുവള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരിക്കുനിയില്‍ നിന്നും സൗത്ത് കൊടുവള്ളിയില്‍ നിന്നും സ്‌കൂട്ടര്‍ മോഷണം നടത്തിയത് തങ്ങളാണെന്നും കൂടാതെ പിലാശ്ശേരിയില്‍ പട്ടാപകല്‍ കടയില്‍ മോഷണം നടത്തിയതും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

പ്രതികള്‍ക്ക് വയനാട് ജില്ലയിലെ വൈത്തിരി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, വെള്ളയില്‍, കുന്നമംഗലം, ചേവായൂര്‍, കാക്കൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ ബൈക്ക് മോഷണ കേസുകള്‍ ഉള്ളതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു.

നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലൂടെയാണ് പ്രതികള്‍ പൊലീസിന്റെ വലയിലായത്. മാരകമായ ലഹരിക്കടിമപ്പെട്ട പ്രതികള്‍ സിന്തറ്റിക്ക് വിഭാഗത്തില്‍ പെട്ട മയക്കുമരുന്ന് വാങ്ങാന്‍ വേണ്ടിയാണ് മോഷണം നടത്തുന്നതെന്നു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ മേല്‍നോട്ടത്തില്‍ എസ് ഐ അനൂപ് അരീക്കര, എസ്‌ഐ പി. പ്രകാശന്‍, എസ്‌ഐ പി കെ അഷ്റഫ്, ജൂനിയര്‍ എസ്‌ഐ രശ്മി, എഎസ്‌ഐ സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയരാജ്, ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
വിധി തളർത്തിയ അച്ഛന് തണലായി കുരുന്നുകൾ, കൊച്ചു വീട്ടിലെ ഇരുളകറ്റാൻ ഗൗരിയും ശരണ്യയും, പ്രകാശം പരത്തുന്ന അതിജീവനം