ജി സുധാകരനെതിരെ സമൂഹ മാധ്യമത്തിലൂടെ അശ്ലീല പരാമർശം; സി. പി. എം ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തു

Published : Aug 13, 2025, 07:29 AM IST
G Sudhakaran

Synopsis

മുൻ മന്ത്രി ജി. സുധാകരനെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ജി. സുധാകരന്റെ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം യു. മിഥുനെതിരെയാണ് കേസെടുത്തത്. 

ആലപ്പുഴ: മുൻ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരനെതിരെ സമൂഹ മാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയ സി. പി. എം ലോക്കൽ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. ജി. സുധാകരൻ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി. പി. എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം യു. മിഥുനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മിഥുന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനാണ് മിഥുൻ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ കൂട്ടനടത്തത്തെ അഭിനന്ദിച്ച് സുധാകരൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിന് താഴെയാണ് മിഥുൻ അശ്ലീല പരാമർശം നടത്തിയത്. ക്ഷേത്ര ഭരണ ചട്ടങ്ങളുടെ ലംഘനം നടത്തിയതായും പൊലീസിന് നൽകിയ പരാതിയിൽ സുധാകരൻ പറഞ്ഞു. ജാഥക്ക് അഭിനന്ദനം അറിയിച്ച ജി. സുധാകരൻ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. 'പ്രൗഡ് കേരള' എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ. സി വേണുഗോപാൽ എം. പി, ഷാനിമോൾ ഉസ്മാൻ, പി. ചിത്തരഞ്ജൻ എം. എൽ. എ തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കളും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, കലാകാരൻമാർ തുടങ്ങി നിരവധി പേരാണ് ജാഥയിൽ പങ്കെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം