
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച് സി പി എം ജില്ലാ കമ്മിറ്റി. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആയിരിക്കും സി പി എം സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സി പി എം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്. പാർലമെന്‍ററി പാർട്ടി ലീഡറായി എസ് പി ദീപക്കിനെയും പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായി മുൻ മേയർ ശ്രീകുമാറിനെയും സി പി എം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രിയദർശിനിയെയും വൈസ് പ്രസിഡന്‍റായി ബി പി മുരളിയെയും തീരുമാനിച്ചു.
ഭൂരിപക്ഷമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യു ഡി എഫും അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ 24 ന് തീരുമാനിക്കുമെന്നാണ് യു ഡി എഫ് വ്യക്തമാക്കിയിട്ടുള്ളത്. 24 ന് കൗൺസിലർമാരുടെ യോഗത്തിലായിരിക്കും മേയർ സ്ഥാനാർഥിയെ തീരുമാനിക്കുകയെന്നാണ് നേതൃത്വം അറിയിച്ചത്. അതേസമയം നാല് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലേറുമെന്ന് ഉറപ്പായ ബി ജെ പി ഇനിയും മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം കോർപറേഷനിലെ ബി ജെ പിയുടെ മേയർ സ്ഥാനാർഥിയാ കണ്ടെത്താനുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമായി തുടരുകയാണ്. ഇന്ന് കണ്ണൂരിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ നടന്നു. ഡിസംബര്‍ 24, 25 തീയതികളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം നടക്കുക. വി വി രാജേഷ്, ആർ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. മേയര്‍ ആരാകുമെന്നതിൽ സസ്പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ പറയുന്നത്.
അതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ പരാജയത്തിൽ സി പി എം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനമുയർന്നു. മേയറായിരുന്ന ആര്യ രാജേന്ദ്രന്‍റെ അഹങ്കാരം, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന ആഗോള അയ്യപ്പ സംഗമത്തിൽ വായിച്ചത്, വെള്ളാപ്പള്ളിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ കാർ യാത്ര, ശബരിമല സ്വർണക്കൊള്ള, ജില്ലയിലെ വിഭാഗിയത തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. മേയറുടെ അഹങ്കാരവും കടുകാര്യസ്ഥതയും തിരിച്ചടിയായെന്ന് ഭൂരിഭാഗം നേതാക്കളും ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു. മുൻ മേയർ വി കെ പ്രശാന്ത്, ആര്യക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ജില്ലയിലെ കടുത്ത വിഭാഗീയതയും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി ഒന്നല്ല, മൂന്നുപേരുണ്ടെന്ന വിമർശനവും ഉയർന്നു. നേതാക്കൾ പരസ്പരം ഭിന്നിച്ചു നിൽക്കുകയാണ്. മൂന്ന് വിഭാഗങ്ങളെ നയിക്കുന്നത് മൂന്ന് നേതാക്കളാണ്. തീരുമാനങ്ങൾ പരസ്പരം പരാജയപ്പെടുത്തുകയാണ് ഈ മൂന്ന് വിഭാഗങ്ങളും ചെയ്യുന്നത്. ജില്ലാ നേതൃത്വത്തിന് കൂട്ടായ അഭിപ്രായമില്ലെന്നും അംഗങ്ങൾ വിമർശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam