ഹിൽപാലസ് മ്യൂസിയത്തിൽ സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികൾക്ക് മോശംെ അനുഭവം ഉണ്ടായതിന് പിന്നാലെ ഇടപെടലുമായി സർക്കാർ. ഇവർക്ക് സർക്കാർ ചെലവിൽ മ്യൂസിയം സന്ദർശിക്കാൻ സൗകര്യമൊരുക്കും. മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. 

കൊച്ചി: മ്യൂസിയം സുരക്ഷാ ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റത്തെ തുടർന്ന് മ്യൂസിയം കാണാതെ മടങ്ങിയ കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൽ നിന്നെത്തിയ അന്തേവാസികളെ മ്യൂസിയം കാണിക്കാൻ സംസ്ഥാന സർക്കാർ. അഭയമന്ദിരത്തിലെ അന്തേവാസികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് മ്യൂസിയം സുരക്ഷാ ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ എൽദോസ് ഏബ്രഹാമിനെ സസ്പെൻഡ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ ഇയാളെ ഹിൽപാലസ് മ്യൂസിയത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്നും ഒഴിവാക്കിയിരുന്നു. പൊലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന എൽദോസിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിർദേശ പ്രകാരം പുരാവസ്തു വകുപ്പ് ഡയറക്ടർ ഡെപ്യൂട്ടേഷൻ റദ്ദാക്കി ശനിയാഴ്ച പൊലീസിലേക്ക് തിരിച്ചയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവും പുറപ്പെടുവിച്ചത്.

സന്ദർശകരോട് മോശം പെരുമാറ്റം ഉണ്ടായെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം ഹിൽപാലസ് മ്യൂസിയം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. മ്യൂസിയം സന്ദർശക സൗഹൃദമാക്കണമെന്നും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും എല്ലാ വിധ പരിഗണനയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മോശം പെരുമാറ്റത്തെ തുടർന്ന് മടങ്ങിപ്പോയ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് സംസ്ഥാന സർക്കാർ ചെലവിൽ മ്യൂസിയം സന്ദർശിക്കാൻ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഇവരെ അറിയിച്ചിരുന്നു.