അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹച്ചെലവ് കണ്ടെത്താന്‍ ബിരിയാണി ചലഞ്ചുമായി സിപിഎം

By Web TeamFirst Published Jul 20, 2021, 1:17 PM IST
Highlights

 മംഗല്യസഹായ സംഘാടക സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചാണ് വിവാഹക്രമീകരണം നടത്തുന്നതെന്ന് സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ സെക്രട്ടറി കെ ശ്രീപ്രകാശ് പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെയും ഗൂഗിള്‍പേവഴിയുമാണ് വിവാഹ ചെലവിനുള്ള തുക കണ്ടെത്തുന്നത്.
 

മാവേലിക്കര: അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹച്ചെലവുകള്‍ കണ്ടെത്താന്‍ മുന്നിട്ടിറങ്ങി സിപിഎം.  ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വിനീതയുടെ (34) വിവാഹമാണ് ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി ഏറ്റെടുക്കുന്നത്. ഈരേഴ വടക്ക് നിര്‍മിതി കോളനി നിവാസികളായ വേണുഗോപാലിന്റെയും ഓമനയുടെയും മകളാണ് വിനീത. വിനീതയുടെ സഹോദന്‍ വിനീഷും (32) അരയ്ക്ക് താഴെ തളര്‍ന്ന നിലയിലാണ്. അര്‍ബുദബാധിതയായിരുന്ന ഓമനയുടെയും മക്കളുടെയും ചികിത്സക്കുപോലും ബുദ്ധിമുട്ടുന്ന ഈ കുടുംബം വേണുഗോപാലിന്റെ കൂലിപ്പണിയില്‍നിന്ന് കിട്ടുന്ന വരുമാനത്തിലാണ് കഴിയുന്നത്. 14 വര്‍ഷം മുമ്പ് പിടിപെട്ട പേശീക്ഷയം എന്ന രോഗമാണ് വിനീതയെയും വിനീഷിനെയും കിടക്കയിലാക്കിയത്. ഇരുവരും വീല്‍ചെയറിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 

പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും ശാരദയുടെയും മകന്‍ സുബ്രഹ്മണ്യനാണ് വിനീതയെ വിവാഹം കഴിക്കുന്നത്. വിനീതയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷമാണ് സുബ്രഹ്മണ്യന്‍ വിവാഹത്തിന് തയാറായത്. ഫെബ്രുവരി 14 നായിരുന്നു വിവാഹ നിശ്ചയം. സെപ്റ്റംബര്‍ എട്ടിന് മറ്റം മഹാദേവര്‍ ക്ഷേത്രത്തിലാണ് വിവാഹം. മംഗല്യസഹായ സംഘാടക സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചാണ് വിവാഹക്രമീകരണം നടത്തുന്നതെന്ന് സിപിഎം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ സെക്രട്ടറി കെ ശ്രീപ്രകാശ് പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെയും ഗൂഗിള്‍പേവഴിയുമാണ് വിവാഹ ചെലവിനുള്ള തുക കണ്ടെത്തുന്നത്. ആഗസ്റ്റ് 15ന് ഗ്രേസ് ഓഡിറ്റോറിയത്തിലാണ് ബിരിയാണി ചലഞ്ച്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!