
കുട്ടനാട്: കുട്ടനാട് ഏരിയ കമ്മിറ്റിയ്ക്ക് കീഴിൽ നിന്നും പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞ് തുടരുന്നതിനിടെ വെളിയനാട്ട് നിന്നും സി പി എം വിടുന്നവരുടെ എണ്ണം കൂടുന്നു. പഞ്ചായത്തിലെ 27 പ്രവർത്തകർ പാർട്ടി വിടുന്നതായി ജില്ല നേതൃത്വത്തിന് കത്ത് നൽകി. ഏരിയ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എൻ ഡി ഉദയകുമാർ, മുൻ ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ എം കെ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത്. നേതൃത്വത്തിൽ നിന്ന് ഉചിത ഇടപെടൽ ഇല്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നും നേതാക്കൾ പറഞ്ഞു. നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് ഏതാനും മാസം മുമ്പ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് പി എൻ വനജ, പാർട്ടി വിടുന്നതായി കത്ത് നൽകിയെങ്കിലും ഇതുവരെ നേതൃത്വം മറുപടി നൽകിയിട്ടില്ല.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നൽകിയപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. സി ഡി എസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയത് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വം പാർട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടർ ആരോപിക്കുന്നു. ലോക്കൽ കമ്മിറ്റി നേതൃത്വത്തിന്‍റെ ഏകാധിപത്യ നിലപാടും പാർട്ടി വിടാൻ കാരണമാകുന്നതായി പറയുന്നു. രണ്ട് മാസം മുമ്പ് സി പി എമ്മിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പാർട്ടിയിലെ തന്നെ വൈസ് പ്രസിഡന്‍റ് പഞ്ചായത്ത് ഓഫീസിൽ കുത്തിയിപ്പ് സമരം വരെ നടത്തിയ സംഭവങ്ങളുണ്ടായിരുന്നു. ഇതിന് പുറകെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് ആക്കം കൂടിയത്.
കൂടുതല്‍ വായനയ്ക്ക്: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍