
കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് (KSRTC Bus stand) സമീപത്തെ എഎൽ ജേക്കബ് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയിൽ വിള്ളൽ(Crack in the Bridge wall) . മെട്രോ നിർമാണത്തിന് മുന്നോടിയായി ഡിഎംആർസി നിർമിച്ചതാണ് പാലം. പരിശോധിച്ച ശേഷം അറ്റകുറ്റപ്പണി നടത്തുമെന്ന് നഗരസഭ അറിയിച്ചു.
മെട്രോ നിർമാണത്തിന് മുമ്പെ കൊച്ചി നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഡിഎംആർസി നിർമിച്ച പാലങ്ങളിൽ ഒന്നാണ് എഎൽ ജേക്കബ് പാലം. 38 കോടി രൂപ മുടക്കി പണി പൂർത്തിയാക്കി 2013 ൽ പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു. കെഎസ്ആർടിസി ബസ്സുകൾ അടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ആ പ്രധാന പാലത്തിലാണിപ്പോൾ വിള്ളൽ വീണിരിക്കുന്നത്.
നിർമാണത്തിൽ പങ്കില്ലെങ്കിലും രണ്ട് നഗരസഭ റോഡുകളെ ബന്ധിപ്പിക്കുന്ന പാലമെന്ന നിലയ്ക്ക് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തവും നഗരസഭയ്ക്കാണ്. എന്നാൽ, അത് ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദഗ്ധരോ സംവിധാനങ്ങളോ ഇല്ലെന്നതാണ് നഗരസഭയ്ക്ക് വെല്ലുവിളി. നിർമാണ കരാറിൽ അറ്റകുറ്റപ്പണിയുടെ കാര്യം ചേർത്തിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മേയർ പറഞ്ഞു
ഒരു ഭാഗത്തെ അടിത്തറ താഴ്ന്നതാണ് വിള്ളലിന് കാരണമെന്നാണ് വിലയിരുത്തൽ. തുടർച്ചയായി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് ചെറിയ ബലക്ഷയമുണ്ടാകുന്നത് പോലും വലിയ അപകടമുണ്ടാക്കാം. അതുകൊണ്ടുതന്നെ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam