
ഇടുക്കി: കഞ്ഞിക്കുഴിയിൽ യുവാവിനെ കള്ളക്കേസിൽ കുടുക്കി 45 ദിവസം ജയിലിട്ടെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് പരാതി അന്വേഷിക്കുന്നത്. കേസ് വിശദമായി അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. പീഡന കേസ് ആയതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാനാവില്ല. കോടതിയിൽ പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാകാം പ്രതിയെ പിടികൂടിയതെന്നും ഡിവൈഎസ്പി വ്യക്തമാക്കി. കഞ്ഞിക്കുഴി മൈലപ്പുഴ സ്വദേശി പ്രജോഷിന്റെയും നൂറിലധികം നാട്ടുകാരുടെയും പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നെന്ന ആരോപണവുമായാണ് ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷ് രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് ഡിജിപിക്കാണ് പരാതി നൽകിയത്. നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. വ്യാജ പീഡന പരാതി, മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നെന്നാണ് ഇവരുടെ ആരോപണം. വീട്ടമ്മയുടെ മോഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്നും വീഴ്ച്ച പറ്റിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിലാണ് ഏപ്രില്‍ 18ന് അയല്‍വാസി പ്രജോഷിനെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 24ന് പീഡനം നടന്നെന്നായിരുന്നു പരാതി. ഇടുക്കി കഞ്ഞികുഴി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനിതാ പോലീസ് സ്റ്റേഷനാണ് അന്വേഷിച്ചത്. മാര്‍ച്ച് 24ന് മറ്റൊരിടത്ത് കോൺക്രീറ്റ് പണി ചെയ്യുകയായിരുന്നുവെന്ന് പിടിയിലായപ്പോൾ പോലീസിനെ അറിയിച്ചിരുന്നെന്ന് പ്രജോഷ് പറയുന്നു. അതേക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും തടിപ്പണിയുമായി ബന്ധപ്പെട്ട തർക്കം പരാതിക്കാരിയുടെ ഭർത്താവുമായി ഉണ്ടായതാണ് പരാതിക്ക് കാരണമെന്നും പ്രജോഷ് ആരോപിക്കുന്നു.
സംഭവത്തിന്‍റെ സത്യാവസ്ഥ കണ്ടെത്തണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളായ 117 ആളുകള്‍ ഒപ്പിട്ട പ്രത്യേക പരാതി ഡിജിപിക്കും ഇടുക്കി എസ്പിക്കും നല്‍കിയിരുന്നു. മാസം ഒന്ന് കഴിഞ്ഞിട്ടും കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. സംഭവം വാർത്തയായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.