
തൃശൂർ: മുൻ ഡി ജി പി ടിപി സെൻകുമാറിനെതിരായ ആരോപണം ഉന്നത അന്വേഷണ ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് തൃശൂർ റൂറൽ ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. ഡി വൈ എസ് പിയുടെ റിപ്പോർട്ട് തള്ളി, എസ് പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ അന്വേഷണത്തിനായി ഐ.ജിക്ക് കൈമാറുകയായിരുന്നു.
ഐ ജി റൂറൽ ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് റൂറൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷെൽബി കെ ഫ്രാൻസീസ് അന്ന് റിപ്പോർട്ട് നൽകിയ പൊലീസുകാരനിൽ നിന്നും മൊഴിയെടുക്കുകയും തെളിവുകളും പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികളിലേക്ക് കടന്നില്ല. മുൻ സംസ്ഥാന മേധാവിയും ഉയർന്ന വകുപ്പ് ഓഫീസും ആരോപണങ്ങൾ തൃശൂർ പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതും ആരോപണത്തിൽ ജനപ്രതിനിധിയും വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതിനാൽ ഉയർന്ന അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിക്കുന്നതാവും അഭികാമ്യമമെന്നാണ് ഡി വൈ എസ് പി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അന്വേഷണ നടപടികളിലേക്ക് കടന്നതോടെ അന്നത്തെ കേസിലെ ആരോപണ വിധേയരുടെ സമ്മർദ്ദമുയർന്നതായി സേനാംഗങ്ങൾ തന്നെ ആരോപിച്ചിരുന്നു. ഇതാവാം ഉയർന്ന ഉദ്യോഗസ്ഥരുണ്ടെന്ന ന്യായത്തിൽ തന്‍റെ ഭാഗത്ത് നിന്നും അന്വേഷണം ഒഴിവാക്കാനാണ് ഇങ്ങനെ റിപ്പോർട്ട് നൽകിയതെന്നും പറയുന്നു. ഇക്കഴിഞ്ഞ 19 നാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണിച്ചില്ല. ഐ ജി എംആർ അജിത് കുമാറിനെ നീക്കിയതോടൊപ്പം സെൻകുമാറിനെതിരായ ആരോപണ പരാതി റൂറൽ എസ്പിയോട് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിർദ്ദേശം നൽകി.
വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരായിട്ടായിരുന്നു പരാതി. 2013ൽ നൽകിയ റിപ്പോർട്ടിൽ പരിശോധന നടത്തിയെങ്കിലും ഫയൽ ആക്കാതെ പൂഴ്ത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊലീസുകാർ വാഹന പരിശോധനക്കിടയിൽ ബൈക്ക് യാത്രികരിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി അതിലെ അശ്ലീല വീഡിയോകളടങ്ങിയ മെമ്മറി കാർഡുകൾ കൈവശപ്പെടുത്തുകയും ഇത് മൊബൈൽ ഷോപ്പ് മുഖേന സ്കൂൾ വിദ്യാർഥികൾക്ക് പണം വാങ്ങി പകർത്തി നൽകുന്നതും മണൽ മാഫിയയുമായുള്ള അടുപ്പത്തിൽ സ്റ്റേഷനിലെ ഡ്രൈവറുടെ അവിഹിത വരുമാനം, മൂന്ന് ബലാൽസംഗ കേസുകൾ പണം വാങ്ങി ഒതുക്കിയതടക്കമുള്ള ഓഡിയോ, വീഡിയോ രേഖകളടക്കമുള്ള തെളിവുകളോടെയായിരുന്നു സ്പെഷൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്.
ഡി വൈ എസ് പി റാങ്കിലുള്ളവർക്ക് വരെ ഈ സംഭവത്തിൽ പങ്കുണ്ടെന്നായിരുന്നു തെളിവുകൾ. കേസ് ഒതുക്കാൻ ശ്രമമുണ്ടെന്ന് അന്ന് തന്നെ സേനാംഗങ്ങൾ ആരോപിക്കുകയും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഡി വൈ എസ് പിയുടെ റിപ്പോർട്ട് ഇത് ശരിവെക്കുന്നതാണെന്നാണ് സേനാംഗങ്ങൾ പറയുന്നത്. ഐ ജി എംആർ അജിത് കുമാറിനെ വ്യാഴാഴ്ചയാണ് പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയത്. വിജയ് സാഖറെക്ക് തൃശൂരിന്‍റെ അധിക ചുമതല നൽകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് സ്ഥലം മാറ്റങ്ങളെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസമാണ് പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.പിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam