കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും കൂട്ടാളിയും പൊലീസ് പിടിയിൽ

Published : Jul 08, 2022, 09:46 PM IST
കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും കൂട്ടാളിയും പൊലീസ് പിടിയിൽ

Synopsis

പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വെച്ച ശേഷം രാത്രിയിൽ ഒറ്റക്ക് നടന്ന് പോയി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് സുനിലിന്റെ രീതി...

ആലപ്പുഴ: നിരവധി മോഷണ കേസിലെ പ്രതിയേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് നടന്ന സ്പൈഡർ സുനില്‍ എന്ന് വിളിക്കുന്ന സുനിലും കൂട്ടാളിയുമാണ് പിടിയിലായത്. ഞക്കനാലിൽ കഴിഞ്ഞ മാസം 25ന് വെളുപ്പിന് ബഷീറിന്റെ ഉടമസ്ഥതയിലുള്ള കറുകത്തറയിൽ വീടിന്റെ മുൻവശത്തെ ഡോർ പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽ നിന്നും 20 പവൻ സ്വർണ്ണാഭരണങ്ങളും 5000 രൂപയും മോഷണം നടത്തിയ കേസിലാണ് കൃഷ്ണപുരം കാപ്പിൽ കിഴക്ക് അശ്വിൻ ഭവനത്തിൽ സുനിലും (44), ഇയാളുടെ കൂട്ടാളി എരുവ വേലൻ പറമ്പിൽ വീട്ടിൽ സഫർ എന്നു വിളിക്കുന്ന സഫറുദ്ദീനും (37) പിടിയിലായത്. 

കമ്പിപ്പാര ഉപയോഗിച്ച് പ്രധാന വാതിൽ കുത്തിത്തുറന്നാണ് സുനിൽ മോഷണം നടത്തിയത്. വീടിന്റെ ഉടമസ്ഥനായ ബഷീർ ചികിത്സക്കായി ആശുപത്രിയിൽ അഡ്മിറ്റായ സമയത്താണ് മോഷണം നടന്നത്. സുനിൽ മോഷണം ചെയ്ത് എടുക്കുന്ന സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് രണ്ടാം പ്രതിയായ സഫറാണ്. ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വയനകത്തും, ഞക്കനാലും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പിൽ, മേനാത്തേരി, വള്ളികുന്നം പൊലിസ് സ്റ്റേഷൻ പരിധിയിൽ കട്ടച്ചിറ എന്നിവിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. 

മോഷണം നടന്ന ബഷീറിന്റെ വീടിന്റെ സമീപമുള്ള വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചും സംശയം തോന്നിയ സ്പൈഡർ സുനിലിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31 ഓളം വാഹന മോഷണ കേസുകളിൽ പ്രതിയാണ് സുനിൽ. മോഷണം നടത്തി കിട്ടുന്ന സ്വർണ്ണാഭരണങ്ങൾ സഫറിനെ ഉപയോഗിച്ച് കായംകുളത്തെ സ്വർണ്ണക്കടകളിൽ വിൽപ്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയാണ് സുനിൽ. 

പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വെച്ച ശേഷം രാത്രിയിൽ ഒറ്റക്ക് നടന്ന് പോയി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് സുനിലിന്റെ രീതി. ഓച്ചിറയുടെ കിഴക്കൻ ഭാഗങ്ങളിൽ വീട് കുത്തിത്തുറന്നുള്ള മോഷണം പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ കേസുകൾ തെളിയിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു. 

ജില്ലാ പൊലീസ് മേധാവി ജെ ജെയ്ദേവിന്റെ മേൽനോട്ടത്തിൽ കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഉദയകുമാർ, ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, റെജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ