ആലുവയിൽ പോക്സോ കേസ് ഇരയെ കാണാതായി. 16കാരി പോയത് പോക്സോ പ്രതിക്ക് ഒപ്പമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ആലുവ റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ എത്തിച്ചതായി ഓട്ടോ ഡ്രൈവർ സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് പോക്സോ കേസ് പ്രതിയുടെ ഫോണിലേക്ക് പെൺകുട്ടി വിളിച്ചുയ
ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസ് ഇരയെ കാണാതായി. വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് 16കാരിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം സ്ഥാപന അധികൃതരാണ് എടത്തല പൊലീസിനെ അറിയിച്ചത്. പിന്നീട് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു. പെൺകുട്ടി പോയത് പോക്സോ കേസിലെ പ്രതിക്കൊപ്പമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം ആറുമണിമുതലാണ് പെൺകുട്ടിയെ കാണാതായത്. കരുനാഗപ്പള്ളിയിൽനിന്ന് ആലുവയിലേക്ക് മാറിത്താമസിക്കുന്ന കുടുംബമാണ് കുട്ടിയുടേത്. പോക്സോ കേസിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് കുടുംബം ആലുവയിലേക്ക് താമസം മാറിയത്. തുടർന്ന് പെൺകുട്ടി ആലുവയിലെ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു.
കുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്ന് ഓട്ടോ പിടിച്ച് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയതായും കണ്ടെത്തി. കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതായി ഓട്ടോക്കാരൻ സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഷനിൽ എത്തിയ ശേഷം കുട്ടി തൻ്റെ ഫോൺ വാങ്ങി ഒരാളെ വിളിച്ചതായും ഓട്ടോക്കാരൻ അറിയിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടി വിളിച്ചത് 19 വയസ്സുള്ള പോക്സോ കേസിലെ പ്രതിയെ ആണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ആണ് പെൺകുട്ടി പോയത് പോക്സോ കേസ് പ്രതിക്കൊപ്പമാണെന്ന് പൊലീസ് സംശയിക്കുന്നത്. കായംകുളം സ്വദേശിയാണ് യുവാവ്.
അതേസമയം കുട്ടി ആലുവയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായാണ് സംശയം. റെയിൽവേ സ്റ്റേഷനിൽവെച്ച് ചിലർ കുട്ടിയെ കണ്ടതായി പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിനും കൈമാറിയിട്ടുണ്ട്.

