
കൊച്ചി: കൊച്ചിയിലെ സ്കൂളുകൾക്ക് അവധി നല്‍കിയതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിൽ വിമർശനങ്ങൾ. ഏഴാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പുക ബാധകമല്ലേ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. ബ്രഹ്മപുരത്തെ തീ പിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഏഴാം ക്ലാസ്സ് വരെ ഉള്ളവർക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
പുകയിൽ മുങ്ങി ശ്വാസം മുട്ടുന്ന കൊച്ചിയിലെ 7 പ്രദേശങ്ങളിലാണ് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചത്. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ പ്രദേശങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും 06-03-2023 (തിങ്കൾ) അവധിയായിരിക്കുമെന്നാണ് കളക്ടർ അറിയിച്ചത്. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചതെന്നും കളക്ടർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam