
കണ്ണൂർ: കാസര്‍കോട് പൈവളിഗെയിൽ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പൈവളിഗെ സ്വദേശി പി എം അബ്ദുൽ ജലീൽ ആണ് പിടിയിലായത്. ഇയാൾ ക്വട്ടേഷൻ സംഘാംഗമാണെന്ന് പൊലീസ് പറഞ്ഞു. യു എ ഇയിൽ നിന്ന് എത്തിയപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതാണ് അറസ്റ്റ് എളുപ്പമാക്കിയത്.
അതേസമയം പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ജൂണ്‍ 26 നാണ് അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയത്. പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.
മലയാളി ഉംറ തീർഥാടക ജിദ്ദയിലെ ആശുപത്രിയിൽ മരിച്ചു
അതേസമയം പ്രവാസ ലോകത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു എന്നതാണ്. പത്തനംതിട്ട കോഴഞ്ചേരി ചെറുകോൽ പഞ്ചായത്ത് കാട്ടൂർപേട്ട പുറത്തൂട്ട് രാജന്‍റെ ( അബ്ബാസ് ) ഭാര്യ സുബൈദാ ബീവിയാണ് ( 67 ) മരിച്ചത്. വൃക്ക - ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന സുബൈദാ ബീവിക്ക് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റിവെന്ന് വ്യക്തമാകുകയും ചെയ്തു. ജനുവരി 26 ന് കാട്ടൂർപേട്ട പഴയപള്ളി ഇമാം നജീബ് ബാഖവിയുടെ നേതൃത്വത്തിൽ ഉംറക്ക് പോയ സംഘത്തിൽ ഇവരുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. തിരിച്ചുവരാൻ വിമാനത്താവളത്തിൽ എത്തിയ സുബൈദാ ബീവി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു സുബൈദാ ബീവി. ഖബറടക്കം ജിദ്ദയിൽ നടക്കും. മക്കൾ - അൻവർ, അനീഷ്. മരുമക്കൾ - അൽഫിയ, ഷാജിറ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam