
തിരുവനന്തപുരം: കാറിൽ കമ്പിപ്പാരയും ഗ്ലൗസുമടക്കം കണ്ടെത്തിയതിന് പിന്നാലെ റൗഡിലിസ്റ്റിലുള്ള മൂന്ന് പേർ അറസ്റ്റിൽ. കടയ്ക്കാവൂർ തെക്കുംഭാഗം പാലോട് വീട്ടിൽ മനു (42), വെട്ടൂർ അരിവാളം റിയാസ് മൻസിലിൽ റിയാസ് (30), വക്കം അമ്മൂമ്മ വീട്ടിൽ വിഷ്‌ണു (31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയായിരുന്നു സംഭവം. മനുവിന്‍റെ മാരുതി 800 കാറിലാണ് സംഘം വില്ലിക്കടവ് ഭാഗത്തെത്തിയത്. ഇവിടെവച്ച് വാക്കുതർക്കമുണ്ടായതിനെ തുടർന്ന്, മനു കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് റിയാസിന്‍റെ ഇടതുകൈയിൽ പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു.
തുടർന്ന് വിഷ്‌ണു കാറുമായി കടയ്ക്കാവൂരിലുള്ള വീട്ടിലേക്കുപോയി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി വിഷ്ണുവിനെയും കാറും പരിശോധിച്ചപ്പോഴാണ് കാറിൽനിന്ന് മാരകായുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തത്. കമ്പിപ്പാര, ഗ്ലൗസ്, പഴയ തോർത്തുമുണ്ട് തുടങ്ങിയവ കണ്ടെത്തി. സംഘം മോഷണം ലക്ഷ്യമിട്ടെത്തിയതാകാമെന്നാണ് പെലീസ് സംശയിക്കുന്നത്. ഇതോടെ അയിരൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. റിയാസ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെയും മനു കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും നിലവിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മൂവരും മദ്യപിച്ചാണ് കാറിൽ വില്ലിക്കടവ് ഭാഗത്തെത്തിയതെന്നും കണ്ടെത്തി. ഇവർക്ക് സമീപകാലത്ത് വർക്കല, അയിരൂർ പ്രദേശങ്ങളിൽ റിപ്പോർട്ടു ചെയ്ത മോഷണക്കേസുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam