ഇന്നത്തെ തെളിവെടുപ്പ് നിർണായകം, ബിന്ദു, ഐഷ, സിന്ധു, ജൈനമ്മ, 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ തിരോധാനത്തിൽ ദുരൂഹത നീക്കാൻ പൊലിസ്

Published : Aug 04, 2025, 01:30 AM ISTUpdated : Aug 04, 2025, 02:46 AM IST
Sebastian

Synopsis

രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചന

ആലപ്പുഴ: ആലപ്പുഴ - കോട്ടയം മേഖലകളിൽ കാണാതായ സ്ത്രീകളുടെ തിരോധാനത്തിൽ ദുരൂഹത നീക്കാൻ പൊലിസ്. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും ഇവിടെ പരിശോധന നടത്തും. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയോ എന്നതാണ് സംശയം. 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ വീണ്ടും പരിശോധിക്കുകയാണ് പൊലീസ്.

2006 ൽ കാണാതായ ബിന്ദു പത്മനാഭൻ, 2012 ൽ കാണാതായ ഐഷ, 2020 ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജൈനമ്മ. ഈ നാല് സ്ത്രീകൾക്കും പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ, കേസിൽ നിർണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടൽ. രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധന കേസിൽ ഏറെ നിർണയാകമാണ്.

വിശദ വിവരങ്ങൾ

മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുൻപ് 2020 ഒക്ടോബർ 19 ന് വൈകീട്ട് അമ്പലത്തിൽ പോയതാണ് തിരുവിഴ സ്വദേശി സിന്ധു. പിന്നീട് സിന്ധുവിനെ ആരും കണ്ടിട്ടില്ല. അർത്തുങ്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സെബാസ്റ്റുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടില്ല. ഈ കേസ് ഉൾപ്പടെ ചേർത്തലയിലും പരിസരപ്രദേശങ്ങളിലും ഉള്ള സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുകയാണ് പൊലീസ്. സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആദ്യ തിരോധാനം എന്ന് പൊലിസ് കരുതുന്നത് 2006 ൽ ബിന്ദു പത്മനാഭന്‍റേതാണ്. അവസാനത്തേത് 2024 ൽ ജൈനമ്മയുടേതും. ഇതിനിടയിലുള്ള കാലയളവിൽ അതായത് 2006 നും 2025 നും ഇടയിലുള്ള തിരോധാന കേസുകളാണ് അന്വേഷിക്കുന്നത്. കൂടുതൽ പേരെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയിട്ടുണ്ടോ എന്നാണ് സംശയം. രണ്ടേക്കറിലധികം വരുന്ന പള്ളിപ്പുറത്തേ സെബാസ്റ്റ്യന്റെ വീട് ദുരൂഹതകൾ നിറഞ്ഞതാണ്. ചതുപ്പുകൾ നിറഞ്ഞതും കാടുകയറിയതുമായ പുരയിടം. ചെറുതും വലുതുമായ നിരവധി കുളങ്ങള്‍. തൊട്ടടുത്ത് വീടുകളില്ല എന്നതും സംശയം ബലപ്പെടുത്തുന്നു. ഇവിടങ്ങളിൽ ഇന്ന് വിശദ പരിശോധന നടക്കും. നിലവിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽനിന്ന് ലഭിച്ച അസ്ഥി കൂടാവശിഷ്ടങ്ങളുടെ ഡി എൻ എ പരിശോധന ഫലം രണ്ടാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൈനമ്മയുടേത് കൊലപാതകം എന്ന തരത്തിലാണ് അന്വേഷണം. അസ്ഥി കൂടാവശിഷ്ടങ്ങൾ ജൈനമ്മയുടേത് അല്ലെങ്കിൽ ഐഷയുടെതോ ബിന്ദു പത്മനാഭന്‍റേതോ ആകാനാണ് സാധ്യതയെന്നാണ് നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സിപിഒ മരിച്ച നിലയിൽ
സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, സുഹൃത്ത് ഇറങ്ങിയോടി; സംഭവം തിരുവനന്തപുരത്ത്