
കൊച്ചി: മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിൽ. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ് കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തിൽ അമ്മയുടെ പല്ല് തകർന്നു. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പൊലീസ് സംഘം പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പി എം ബൈജുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.
അതേസമയം, കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ പിടിയിലായിരുന്നു. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും ചെല്ലാനം മാവിൻച്ചോട് സ്വദേശിയുമായ ആഞ്ചലോസസിൻ്റെ മകൻ അനോഗ് ഫ്രാൻസീസി(16)നെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പള്ളിയോട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്.
പള്ളിത്തോട് സ്വദേശികളായ പുന്നക്കൽ വീട്ടിൽ പോളിൻ്റെ മകൻ അമലേഷ് (19) പുത്തൻപുരക്കൽ വീട്ടിൽ യേശുദാസിൻ്റെ മകൻ ആഷ്ബിൻ (18), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി അസ്സിസ്റ്റൻറ്' കമ്മീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിൽ കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ രാജേഷ് എസ്, സബ് ഇൻസ്പെക്ടർ നവീൻ, എ.എസ് ഐ മാരായ ഫ്രാൻസിസ്, സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രൂപേഷ് ലാജോൺ, അഭിലാഷ് സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, മുജീബ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...