
മാന്നാർ: ഉപയോഗശേഷം ഇനി കുപ്പികൾ വലിച്ചെറിയേണ്ട, സ്വീകരണമുറിയിൽ വയ്ക്കാവുന്ന ഒന്നാന്തരം കൗതുകവസ്തുക്കൾ നിർമിക്കാം. ചെന്നിത്തല ഒരിപ്രം സ്വാതിയിൽ അക്ഷയ ശ്രീകുമാറാണു (23) പാഴ്ക്കുപ്പികൾ സുന്ദരമാക്കി വിസ്മയം തീർക്കുന്നത്.
ചില്ലുകുപ്പികളിൽ ഫാബ്രിക് -അക്രിലിക് ചായങ്ങൾ ഉപയോഗിച്ചാണു വര. വ്യക്തികളുടെ ചിത്രങ്ങൾ പതിച്ച് ഉപഹാരമായി നൽകാവുന്ന തരം കൗതുകവസ്തുക്കളും നിർമിക്കുന്നു. പിസ്ത തോടുകൾ, പുളിങ്കുരു, സോഡാക്കുപ്പിയുടെ അടപ്പ്, പ്ലാസ്റ്റിക് ക്യാരിബാഗ് എന്നു വേണ്ട വലിച്ചെറിയുന്നവയിൽ നിന്നൊക്കെ കൗതുകവസ്തുക്കൾ നിർമിക്കുന്നു ഈ 23കാരി.
ഇവയ്ക്കു പുറമെ കടലാസു കമ്മലുകളും നിർമിക്കുന്നുണ്ട്. ശാസ്ത്രീയമായി ചിത്രരചനയോ കൗതുക വസ്തുക്കളുടെ നിർമാണമോ അഭ്യസിച്ചിട്ടില്ലെങ്കിലും സൃഷ്ടികളിലൊന്നും ആ കുറവ് കാണാനില്ല. ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘മണ്ണിര’ യുടെ വോളന്റിയർ കൂടിയായ അക്ഷയ ഇത്തരം കലാസൃഷ്ടികളുടെ നിർമാണത്തിലൂടെ മാലിന്യത്തിനെതിരായ ബോധവൽകരണം കൂടി ലക്ഷ്യമിടുന്നു.
സിനിമ പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തലയുടെയും കാരാഴ്മ സ്വാതി ഫൈനാൻസിയേഴ്സ് ഉടമ എംഎസ് ഇന്ദുലേഖയുടെയും മകളാണ്. കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനത്തിലാണിപ്പോൾ. സഹോദരി: അക്ഷര ശ്രീകുമാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam