ആറന്മുളയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കള്ളൻ പൊലീസിനെ കണ്ടതോടെ പമ്പയാറ്റിൽ ചാടി. എന്നാൽ, ജീവൻ പണയം വെച്ച് പിന്നാലെ ചാടിയ കിരൺ, ആകേഷ് എന്നീ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ ആറിന്റെ മധ്യത്തിൽ വെച്ച് സാഹസികമായി പിടികൂടി.
കൊല്ലം: വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മൂന്ന് പവനിൽ കൂടുതൽ തൂക്കമുള്ള കെട്ടുതാലിയും പൊട്ടിച്ച് പമ്പയാറ്റിൽ ചാടിയ കള്ളനെ ഒപ്പം ചാടി ആറ്റിന്റെ മധ്യത്തിൽ വച്ച് സാഹസികമായി പിടികൂടി. പൊലീസ് ഉദ്യോഗസ്ഥർ. ആറന്മുള പൊലീസ് സ്റ്റേഷനിലെ കിരൺ,ആകേഷ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് ജീവൻ പണയം വെച്ച് കള്ളനെ പിടികൂടിയത്. ആറന്മുള കുഴിക്കാല കുറുന്താർ കാവിൽ മേലേതിൽ രാജേഷ് കുമാറിനെയാണ് ആറ്റിൽ നിന്നും പിടികൂടിയത്.
ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തിൽ തുണ്ടിൽ വീട്ടിൽ പ്രസന്ന എന്ന (62) കാരിയുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനായി മുറ്റത്തെക്കിറങ്ങിയപ്പോൾ പതുങ്ങിയിരുന്ന പ്രതി സ്വർണ്ണമാല പൊട്ടിച്ച് ഓടുകയായിരുന്നു. നാട്ടുകാർ ഉടൻ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് എസ് ഐ ആഷില്‍ രവിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ സമീപത്തെ മുളങ്കാട്ടിൽ ഒളിച്ചിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ മുളങ്കാട്ടിൽ കണ്ടത്തിയതോടെ ഇയാൾ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ പിന്നാലെ ചാടി ആറിന്റെ മധ്യത്തിൽവെച്ച് പിടികൂടി കരയ്ക്ക് എത്തിക്കുകയായിരുന്നു. പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ് ഐയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഏറെനേരം പണിപ്പെട്ടാണ് ഇയാളെ സ്റ്റേഷനിലേക്ക് എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


