
കൊച്ചി: കള്ളക്കടത്തുകാരിൽ നിന്ന് പിടികൂടിയ വാഹനങ്ങളടക്കം വിലകൂടിയ സാധനങ്ങൾ ലേലം ചെയ്യാൻ കസ്റ്റംസ്. മിനി കൂപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളും ഉടമകൾ കൊച്ചിൻ പോർട്ടിൽ നിന്നും കൈപ്പറ്റാതിരുന്ന വിദേശ നിർമിത ഗൃഹോപകരണങ്ങളുമാണ് ലേലം ചെയ്യുന്നത്. കസ്റ്റംസ് പിടികൂടുന്ന ഉപയോഗപ്രദമായ സാധനങ്ങൾ ഗോഡൗണിൽ നിറഞ്ഞ് കവിഞ്ഞതോടെയാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്. ലേലത്തിലൂടെ സാധനങ്ങൾ ആളുകൾക്ക് ലഭ്യമാക്കുന്നത് സർക്കാറിന് വരുമാനമുണ്ടാക്കുമെന്ന് കണ്ടെത്തിയാണ് ലേലം ചെയ്യുന്നത്.
2018, 2019 വർഷങ്ങളിൽ രജിസ്റ്റർ ചെയ്തതും അധികം ഉപയോഗിക്കാത്തതുമായ കാറുകളാണ് ലേലത്തിലെ പ്രധാന ആകർഷണം. ആഡംബര വാഹനമായ മിനി കൂപ്പറും ലേലത്തിനുണ്ട്. എട്ട് ലക്ഷമാണ് മിനികൂപ്പറിന്റെ അടിസ്ഥാന വില. 13ാം തീയതി ഉച്ചക്ക് 12നും 4.30നും ഇടയിൽ ഇ-ലേലത്തിൽ പങ്കെടുക്കാം.
Read More.... വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കൂ, ഈ നിയമലംഘനങ്ങള്‍ നിങ്ങളുടെ കീശ കാലിയാക്കും; ഓർമപ്പെടുത്തലുമായി ട്രാഫിക് വകുപ്പ്
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എംഎസ്ടിസിയുടെ(മെറ്റൽ സ്ക്രാപ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ്) ഇ കൊമേഴ്സ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. നിലവാര പരിശോധന നടത്തി പ്രവർത്തന ക്ഷമമായ ഉപകരണങ്ങൾ മാത്രമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കസ്റ്റംസ് അറിയിച്ചു.