
തൊടുപുഴ: വേനല്‍ കനത്തതോടെ സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍. പുല്ലിന്റെയും പാലിന്റെയും കുറവിനൊപ്പം കാലിത്തീറ്റയുടെ വില വർധനയും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. വേനൽക്കാല സബ്സിഡി കുറച്ച് മിൽമയും കർഷകരെ ദ്രോഹിക്കുന്നതായാണ് ആരോപണം.
കടുത്ത വേനലില്‍ തീറ്റപുല്ലിന് ഉണ്ടായിട്ടുള്ള ക്ഷാമമാണ് കര്‍ഷകരെ കൂടുതൽ വലക്കുന്നത്. പകരം വൈക്കോലോ കാലിത്തീറ്റയോ നൽകാമെന്ന് വച്ചാൽ അവയുടെ വിലയും താങ്ങാവുന്നതല്ല. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാലിത്തീറ്റ ചാക്കൊന്നിന് 200 ലധികം രൂപയാണ് വില കൂടിയത്. 1025 രൂപയായിരുന്നത് 1250 ആയി ഉയന്നു.
ചൂടുമൂലം പാൽ ഉൽപ്പാദനത്തിൽ പതിനഞ്ചു ശതമാനം വരെ കുറവുണ്ടായിരിക്കുമ്പോഴാണ് മിൽമ സബ്സിഡിയും കുറച്ചിരിക്കുന്നതെന്നും കർഷകർ പറയുന്നു. കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുളള ക്ഷീണം മറികടക്കാന്‍ ക്ഷീരമേഖലയെയായിരുന്നു പല കര്‍ഷകരും ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇതും ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
ഒരു ലിറ്റർ പാലിന് 32 രൂപയാണ് ഇപ്പോൾ കർഷകർക്ക് കിട്ടുന്നത്. ലിറ്ററിന് 50 രൂപയെങ്കിലും കിട്ടിയാലേ നിലവിലെ സാഹചര്യത്തിൽ ക്ഷീരമേഖലയില്‍ പിടിച്ച് നില്‍ക്കാനാകുകയുള്ളൂവെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam