
തൃശൂർ: മോഷ്ടാവിൽ നിന്നും കണ്ടെടുത്ത കുന്നംകുളം മക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിൽ പുതിയ വിഗ്രഹം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്താൻ ആലോചനയുമായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ. കഴിഞ്ഞ ദിവസമാണ് മോഷണം പോയ പഞ്ചലോഹ വിഗ്രഹം പോലീസ് കണ്ടെടുത്തത്.
അഷ്ടബന്ധത്തിൽ ഉറപ്പിച്ചിരുന്ന വിഗ്രഹം ഇളക്കി മാറ്റിയാണ് കൊണ്ടുപോയത്. പോലീസ് കണ്ടെടുത്ത വിഗ്രഹം ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ പരിശോധിച്ചപ്പോഴാണ് കേടുപാടുകൾ വ്യക്തമായത്. കാലിന്റെ ഭാഗത്തും മറ്റു ചില ഭാഗങ്ങളിലും വിഗ്രഹത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേടുപാടുകൾ പറ്റി വിഗ്രഹത്തിന് ചൈതന്യം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിക്കാൻ ക്ഷേത്ര ഭരണസമിതി ആലോചിക്കുന്നത്.
പോലീസ് കണ്ടെടുത്ത വിഗ്രഹം നിലവിൽ കോടതി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ കോടതി നടപടികൾ പൂർത്തിയായ ശേഷമായിരിക്കും വിഗ്രഹം ക്ഷേത്രത്തിന് കൈമാറുക. അതേസമയം കേസുമായി ബന്ധപ്പെട്ട് കോടതി റിമാൻഡ് ചെയ്ത മോഷ്ടാവിനെ അടുത്ത ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനു ശേഷമായിരിക്കും തെളിവെടുപ്പിനായി പ്രതിയെ ക്ഷേത്രത്തിൽ എത്തിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam