
തൃശൂർ: തൃശൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആമ്പല്ലൂർ സ്വദേശി ഡെയ്സൺ തോമസ് (35) ആണ് പിടിയിലായത്. ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പൊലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ബെംഗളൂരുവിൽ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രൊഫഷണൽ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സൺ. പിടിയിലായ ഡെയ്സണെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും വീടിനു മുന്നിലൂടെ സൈക്കിളിൽ യാത്ര ചെയ്തിരുന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസുമുണ്ട്. ഇതോടൊപ്പം പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്ക് ഒരുങ്ങവേ പിടിയിലായ കേസും നിലവിലുണ്ട്.
ഡെയ്സണിൽ നിന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഏകദേശം അരലക്ഷത്തോളം രൂപ വില വരും. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഡെയ്സണിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചതായും ഈ ശൃംഖലയെ കുറിച്ച് ജില്ലാ ലഹരി വിരുദ്ധസേന കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ഉല്ലാസ്കുമാർ എം എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ പിടികൂടാനും മയക്കുമരുന്ന് കണ്ടെത്താനും ചാലക്കുടി ഇൻസ്പെക്ടർ എം കെ സജീവ്, സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സബ് ഇൻസ്പെക്ടർമാരായ ജോഫി ജോസ്, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വിശ്വനാഥൻ കെ കെ, സിൽജോ വി യു, റെജി എ യു, ബിനു എം ജെ, ഷിജോ തോമസ്, സുരേഷ് കുമാർ സി ആർ, ടെസി കെ ടി, പ്രദീപ് പി ഡി, ബിനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam