
പാണ്ടിക്കാട്: മലപ്പുറത്ത് കിണറ്റിൽ അകപ്പെട്ട മൂർഖൻ പാമ്പിന് രക്ഷകരായി മലപ്പുറം ജില്ലാ ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി ചുങ്കത്തകുന്ന് സ്വദേശിയായ പുരക്കൽ പ്രദീപ് (ഉണ്ണി) എന്നയാളുടെ വീടിനോട് ചേർന്നുള്ള ആഴമില്ലാത്ത കിണറ്റിലാണ് മൂർഖൻ പാമ്പ് അകപ്പെട്ടത്. രാത്രി ഇര പിടിക്കുന്നതിനിടയിൽ കിണറ്റിലേക്ക് അബദ്ധത്താൽ ചാടിയതാണ് എന്നാണ് നിഗമനം. വീട്ടുകാർ കുടിക്കാനും കുളിക്കാനും ഏതു സമയങ്ങളിലും വെള്ളം കോരി ഉപയോഗിക്കുന്ന കിണറ്റിലാണ് പാമ്പ് അകപ്പെട്ടത്. ഇന്നലെ രാത്രി വീട്ടുകാർ കിണറ്റിൽ നിന്നും വെള്ളം കോരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ വീട്ടുകാർ വെള്ളം കോരുന്നതിനിടയിൽ എന്തോ ശബ്ദം കിണറ്റിൽ നിന്നും കേട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂർഖൻ പാമ്പ് വെള്ളത്തിനു മുകളിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ നിലമ്പൂർ കേരള വനം വകുപ്പ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടുകാർക്ക് പാണ്ടിക്കാട് റെസ്ക്യൂവർ ആയ മുജീബ് പാണ്ടിക്കാടിന്‍റെ നമ്പർ നൽകി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രോമാകെയർ പ്രവർത്തകനും കേരള വനം വകുപ്പ് സ്നേക്ക് സർപ്പ റെസ്ക്യൂവർ ആയ മുജീബ് പാണ്ടിക്കാടിന്‍റെ നേതൃത്വത്തിൽ ട്രോമാകെയർ പ്രവർത്തകരായ അസീസ് വളരാട്, സക്കീർ കാരായ എന്നിവർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കിണറ്റിൽ നിന്നും മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഇതോടെയാണ് വീട്ടുകാർക്ക് ആശ്വാസമായത്. പാമ്പിനെ ഇന്ന് ഉച്ചയോടെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് സ്നേക്ക് സർപ്പ റെസ്ക്യൂവർ മുജീബ് പാണ്ടിക്കാട് പറഞ്ഞു.