
കോഴിക്കോട്: ഒരു പ്രദേശത്ത് മുഴുവന്‍ കുടിവെള്ളമെത്തിക്കുന്ന ദൗത്യത്തിലാണ് കോഴിക്കോട് സ്വദേശി വരുണ്‍ ദാസ്. ഇദ്ദേഹത്തെ സഹായിക്കാന്‍ നാട്ടുകാരും എത്തിയതോടെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്കാണ് ആശ്വാസമായത്.
ഹോട്ടല്‍ മാനേജ്മെന്‍റ് പഠന ശേഷം ജോലിക്കായുള്ള കാത്തിരിപ്പിനിടയിലാണ് വളയം കല്ലുനിര സ്വദേശി വരുണ്‍ ദാസ് ലോറി വാങ്ങിയത്. തന്‍റെ പ്രദേശത്ത് കുടിവെള്ള ക്ഷാമത്തില്‍ നിരവധി പേര് ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ ഈ യുവാവ് തന്‍റെ ലോറിയില്‍ കുടിവെള്ള വിതരണത്തിന് ഇറങ്ങുകയായിരുന്നു. പകല്‍ ലോറി ഡ്രൈവറായി പോകുന്ന വരുണ്‍ വൈകീട്ട് തിരിച്ചെത്തിയ ശേഷമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
പള്ളിത്തറ ഇസ്മയിലിന്‍റെ വീട്ടിലെ കിണറില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വിതരണം ചെയ്യാനുള്ള ടാങ്കും മറ്റ് സംവിധാനങ്ങളും നല്‍കി സഹായിച്ചതും ഇസ്മയില്‍ തന്നെയാണ്. വൈകുന്നേരം ആറിന് തുടങ്ങുന്ന കുടിവെള്ള വിതരണം പലപ്പോഴും പുലര്‍ച്ച വരെ നീളും. വരുണിനെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ കൂടി രംഗത്ത് എത്തിയതോടെ കുടിവെള്ള വിതരണം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ കല്ലുനിര, പൂവ്വംവയല്‍, ചേലത്തോട്, അരുവിക്കര, മഞ്ഞപ്പള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളമെത്തിക്കുന്നത് ഈ സംഘമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam