
തിരുവനന്തപുരം: കോവളത്തെ പാറമടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ മണിമംഗലത്ത് ലളിത വിലാസത്തിൽ അഭിലാഷിന്റെ (43, മണിക്കുട്ടൻ ) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 1.15 ഓടെ കോവളം ജംഗ്ഷന് സമീപത്തെ പാറ മടയിലെ വെള്ളത്തിനടിയിൽ നിന്ന് കണ്ടെത്തിയത്.
വീടിന് സമീപം ഫ്ലോർ മിൽ നടത്തിവന്നിരുന്ന ഇയാൾ ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നും ബൈക്കിൽ പുറത്ത് പോയെങ്കിലും രാത്രിയും വീട്ടിൽ മടങ്ങിയെത്താതിനെ തുടർന്ന് ബന്ധുക്കൾ കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്തെ റോഡിൽ നിന്നും ഇയാളുടെ ബൈക്ക് കണ്ടെത്തിയത് ഇയാൾ പറമടയിൽ ചാടിയതണോ എന്ന സംശയമുയർത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ഓടെ പൊലീസ് വിഴിഞ്ഞം ഫയർഫോഴ്സ് യൂണിറ്റിന്റെ സേവനം തേടി.
തുടർന്ന് നഗരത്തിൽ നിന്നും എത്തിച്ച ഏഴംഗ സ്കൂബ ഡൈവിങ് ടീം 48 അടിയോളം വെള്ളം കെട്ടി കിടക്കുന്ന പാറമടയിൽ നടത്തിയ തെരച്ചിലിൽ ഉച്ചയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ - ആര്യ. ആരഭി, അഭിമന്യു എന്നിവർ മക്കളാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കോവളം പോലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...