
തിരുവനന്തപുരം: കേരളത്തില്‍ ജോലി തേടിയെത്തിയ അസം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ കൈകോര്‍ത്ത് തൊഴില്‍ വകുപ്പും സര്‍ക്കാരും. അസമിലെ കർബി അങ്‌ലോങ്ങ് ജില്ലയിലെ പർഗോവ ബസാർ സ്വദേശി രഞ്ജൻ പഠോറാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് എംഎല്‍എ ജി സ്റ്റീഫനെ ബന്ധപ്പെട്ടത് തൊളിക്കോട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പ്രേം കുമാറാണ്. ജില്ലാ ലേബർ ഓഫീസറുമായി ബന്ധപ്പെട്ടപ്പോള്‍ സഹായം ഉറപ്പ് ലഭിച്ചു. എന്നാല്‍ ബന്ധുക്കളെ കണ്ടെത്തുക എന്ന കടമ്പ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഒരു സ്ഥാപനത്തിന്‍റെയോ ഒരാളുടെ കീഴിലോ ആയിരുന്നില്ല രഞ്ജന്‍ ജോലി ചെയ്തതെന്നത് പോസ്റ്റുമോര്‍ട്ടം നടപടികളില്‍ വെല്ലുവിളിയായി. എന്നാല്‍ ലേബര്‍ ഓഫീസില്‍ നിന്നുള്ള ഇടപെടലുകള്‍ നിയമ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നുവെന്ന് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് വിശദമാക്കുന്നു. പോസ്റ്റ് മോര്‍ട്ടവും എബാം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിമൃതദേഹം തിരുവനന്തപുരം ദില്ലി ഗുവാഹത്തി വിമാനത്തിലാണ് സ്വദേശത്തേക്ക് അയച്ചത്. നടപടികളില്‍ സഹായിച്ച തൊഴില്‍വകുപ്പിനും ലേബര്‍ ഓഫീസിനും സര്‍ക്കാരിനും നന്ദി പറഞ്ഞാണ് എംഎല്‍എയുടെ കുറിപ്പ് അവസാനിക്കുന്നത്.
അഡ്വ. ജി സ്റ്റീഫന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
രഞ്ജനേയും വഹിച്ച് കൊണ്ടുള്ള വിമാനം അൽപ്പം മുന്നേ തിരുവനന്തപുരം എയർപ്പോർട്ടിൽ നിന്നും പറന്നുയർന്നു.....എല്ലാ മനുഷ്യരേയും പോലെ കുടുംബത്തിനെ പോറ്റാൻ സ്വന്തം നാട് വിട്ട് കേരളത്തിൽ എത്തിയതാണ് ആസാമിലെ കർബി അങ്‌ലോങ്ങ് ജില്ലയിലെ പർഗോവ ബസാർ സ്വദേശി രഞ്ജൻ പഠോർ.
പല സ്ഥലങ്ങളിൽ ജോലി ചെയ്ത ശേഷമാണ് ഈ അടുത്ത നാളുകളിൽ തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് ,രഞ്ജൻ ജോലി തേടി എത്തിയത്. എന്ത് പണിയും ചെയ്യുമായിരുന്ന രഞ്ജന് കൂടുതൽ താൽപര്യം ക്യഷി അനുബന്ധ ജോലികളിൽ ആയിരുന്നു. ഇതിനിടയിൽ എപ്പോഴോ അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായി....
ശനിയാഴ്ച രാവിലെയാണ് തൊളിക്കോട് മുൻപഞ്ചായത്ത് പ്രസിഡന്റും പാർട്ടി എൽ സി സെക്രട്ടറിയുടെ ചാർജ്ജുമുള്ള പ്രേംകുമാർ വിളിക്കുന്നത്. ആസാം സ്വദേശിയായ, പനയ്ക്കോട് ഭാഗത്ത് ജോലി ചെയ്യുന്ന ഒരു അതിഥി തൊഴിലാളി മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. പാവങ്ങളാണ്. ബോഡി എങ്കിലും നാട്ടിലെത്താൻ ഭാര്യയും കുടുംബവും കാത്തിരിക്കുന്നു. നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നതായിരുന്നു ചോദ്യം. ഉടൻ തന്നെ ജില്ലാ ലേബർ ഓഫീസർ ബ്രിജിത് ജോസ് സാറിനെ ബന്ധപ്പെട്ടു. സാർ വേണ്ട സഹായം ചെയ്യാം എന്ന് വാഗ്ദാനം നൽകി. പക്ഷെ അതത്ര എളുപ്പമായിരുന്നില്ല,ബന്ധുക്കളെ കണ്ടെത്തുക എന്ന കടമ്പ, ഒരു സ്ഥാപനത്തിലേയോ, ഒരാളിന്റേയോ കീഴിൽ ജോലി ചെയ്യുന്നയാളല്ല എന്ന ബുദ്ധിമുട്ട്, പോസ്റ്റ്‌മാർട്ടം തുടങ്ങിയ നടപടി ക്രമങ്ങൾ.
ജില്ലാ ലേബർ ഓഫീസർ ബ്രിജിത് ജോസ് ചുമതലപ്പെടുത്തിയത് അനുസരിച്ച് നെടുമങ്ങാട് താലൂക്ക് ലേബർ ഓഫീസർ അരുൺ കാര്യങ്ങൾ ക്യത്യമായി ഫോളോഅപ്പ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാകാത്തത് കാരണം മറ്റ് കാര്യങ്ങൾ ഇന്നത്തേയ്ക്ക് മാറ്റി വെച്ചു. ഇന്ന് പോസ്റ്റ്മാർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി എംബാം ചെയ്ത രഞ്ജന്റെ ഭൗതിക ശരീരം അൽപ്പം മുന്നേയുള്ള തിരുവനന്തപുരം ഡൽഹി ഗുഹാവത്തി വിമാനത്തിൽ രഞ്ജന്റെ നാട്ടിലേയ്ക്ക് അയക്കാൻ സാധിച്ചു.
കേരളത്തിലേയ്ക്ക് തൊഴിൽ തേടി എത്തുന്ന മനുഷ്യരെ അതിഥി തൊഴിലാളികളായി കാണുന്ന നമ്മുടെ സർക്കാർ നിലപാടിന്റെ നേർസാക്ഷ്യമായിരുന്നു രഞ്ജന്റെ വിയോഗത്തെ തുടർന്നുള്ള നടപടികൾ ... നന്ദി സർക്കാരിന്, ബഹു:തൊഴിൽ വകുപ്പ് മന്ത്രി സ:ശിവൻകുട്ടി നേത്യത്വം നൽകുന്ന ലേബർ ഡിപ്പാർട്ട്മെന്റിന്, ബ്രിജിത് ജോസും അരുണും അടങ്ങുന്ന ലേബർ വകുപ്പ് ജീവനക്കാർക്ക്... രഞ്ജൻ പഠോറിന്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന് ഈ വേർപാട് താങ്ങാനാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam